
‘ആകാശത്ത് വീണ്ടും ഇടിമുഴങ്ങി… ഭൂമിയെ നോക്കി അവ അത്യുച്ചത്തില്‍ അലറി… ഭൂമി നിശബ്ദമായി കിടന്നു.. ചരല്‍ക്കല്ലുകളെപ്പോലെ കുറെ മഴത്തുള്ളികള്‍ ഉയരങ്ങളില്‍ നിന്ന് ചിതറി വീണു….’
കാലാതിവര്‍ത്തിയായ എഴുത്ത്.. ഏത് ക്ഷുഭിത യൗവ്വനത്തെയും കാല്‍പ്പനിക വികാരങ്ങളെയും ഉള്ളുനോവിച്ച് കടന്നുപോകുന്ന രചനാശൈലി…മലയാളത്തിന് കിട്ടിയ സൗഭാഗ്യം… സിനിമയിലെയും എഴുത്തിലെയും ഗന്ധര്‍വ സാന്നിധ്യം. പി പത്മരാജന്‍ ഭൗതികമായി ഓര്‍മ്മയായിട്ട് ഇരുത്തിയേഴ് വര്‍ഷങ്ങള്‍…
ഉറക്കം വരാത്ത രാത്രികളില്‍ കഥകളുടെ ഈറ്റില്ലമായ ഞവരയ്ക്കല്‍ തറവാട്ടില്‍ അമ്മയുടെ മടിയില്‍ കിടന്ന് കഥ കേട്ട കുട്ടി ഒടുവില്‍ അതേ ഇമ്പത്തോടെ മലയാളത്തോട് കഥ പറഞ്ഞു. എംടിക്ക് ശേഷം ദൃശ്യകലയുടെ രസതന്ത്രം അനുഭവിച്ച് അറിയിപ്പിച്ച കഥാകാരന്‍…കാലത്തിന്റെ കാര്‍മേഖക്കൂട്ടുകളിലൂടെ പെരുമഴയായി അദ്ദേഹം പെയ്തിറങ്ങി…പ്രണയത്തിന്റെ അനന്തമായ സാധ്യതകളായിരുന്നു പത്മരാജന്‍ സിനിമകളുടെ പ്രത്യേകത.. സ്‌നേഹത്തിന്റെ ആഴമളക്കാന്‍ പത്മരാജനോളം മറ്റാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല..
എഴുത്തുകാരന്‍ എന്നതിന് അപ്പുറം പത്മരാജനിലെ കഥാകാരനെയാണ് ആരാധകര്‍ കൂടുതലായി ഇഷ്ടപ്പെട്ടത്.. ഓര്‍ക്കാപ്പുറത്ത് പെയ്തിറങ്ങുന്ന മഴയായി പത്മരാജന്‍ ചിത്രങ്ങള്‍ മലയാളികളുടെ ഭാവനകളുടെ പുതിയ തലങ്ങളെ തൊട്ടു…മധ്യവര്‍ഗ ജീവിതത്തിന്റെ ലോകം എത്രത്തോളം കലാപരമായി പറയാന്‍ കഴിഞ്ഞു എന്നതിലാണ് പത്മരാജനെന്ന ചലച്ചിത്രകാരനെ വേറിട്ട് നിര്‍ത്തുന്നത്..
എന്താണ് മണ്ണാറത്തൊടിയിലെ ജയകൃഷ്ണനോട് മലയാളികള്‍ക്ക് ഇത്രയേറെ അടുപ്പം ?
ജയകൃഷ്ണും, ക്ലാരയുമൊക്കെ ഇന്നും നമുക്ക് ഒപ്പമുണ്ട്….അവരുടെ ചിന്തകളും ചിരികളുമൊക്കെ തലമുറകള്‍ കടന്ന് നമ്മുടെ ഹൃദയത്തിലൂടെ ഒഴുകിപ്പരക്കുന്നു…ഇത്രത്തോളം നിഷ്‌കളങ്കമായി പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാട്ടിയത് ചുരുക്കംപേര്‍ മാത്രം….പ്രണയത്തെക്കുറിച്ചുള്ള വര്‍ണനകളും ആകുലതകളുമൊക്കെ പത്മരാജന്‍ ശരിക്കും മലയാളികളെ അനുഭവിപ്പിച്ച് അറിയിക്കുകയായിരുന്നു…
പെരുവഴിയമ്പലമൊരുക്കാന്‍ ഒരു പത്മരാജന് മാത്രമേ സാധിക്കു.. ഒരിടത്തൊരു ഫയല്‍വാനും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും, തൂവാനത്തുമ്പികളും, നവംബറിന്റെ നഷ്ടവും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും, ഞാന്‍ ഗന്ധര്‍വ്വനുമൊക്കെ നല്‍കാന്‍ ഒരേയൊരു പത്മരാജനെ ഉള്ളൂ….പത്മരാജന് ശേഷം പരീക്ഷണങ്ങള്‍ പലതുവന്നെങ്കിലും ആക്ലാസിക് ശൈലിക്ക് മുന്നില്‍ പകരം വയ്ക്കാനായില്ല…. ഇസങ്ങളെ അതിന്റെ വഴിക്ക് വിട്ട് പച്ചയായ ജീവിതത്തെ വരച്ചുകാട്ടാന്‍ കഴിഞ്ഞുവെന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം..സാഹിത്യത്തിലായാലും സിനിമയിലായാലും ഈ പത്മരാജന്‍ ശൈലി അനുപമം തന്നെയായി മാറുന്നു…
മുതുകുളത്തുനിന്നാണ് പത്മരാജന്‍ ജീവിതം തുടങ്ങുന്നത്…കുട്ടിക്കാലം മുതലേ ഭാവനയടെ ലോകത്ത് പെയ്തിറങ്ങിയ പി പത്മരാജന്‍ പിന്നീട് മുതുകുളത്തുനിന്ന് എഴുത്തുവഴികളിലേക്ക് പറന്ന് പറന്നിറങ്ങി…പെരുമഴപോലും കഥകളിലേക്ക് പ്രയാണം നടത്തി…
അകാലത്തിലായിരുന്നു അന്ത്യം. 1991ല്‍ ഞാന്‍ ഗന്ധര്‍വ്വന്റെ കഥ പറഞ്ഞ് പി പത്മരാജനെന്ന വിസ്മയം ഓര്‍മ്മകളിലേക്ക് മറഞ്ഞിറങ്ങി…ഗന്ധര്‍വ്വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയാറാം വയസ്സില്‍ സിനിമാ ജീവിതത്തിലെ നിത്യ യൗവനത്തില്‍ മരണത്തിലേക്ക് മറഞ്ഞിറങ്ങി…
മലയാള സിനിമയ രണ്ടായിത്തന്നെ വിഭജിക്കേണ്ടി വരും.. പത്മരാജന് മുമ്പും അതിന് ശേഷവും….പതിവ് പതിപ്പുകളെ അനുകരിക്കാതെ സിനിമയില്‍ കലയുടെ, വേദനകളുടെ, നഷ്ടങ്ങളുടെ, മോഹങ്ങളുടെ വസന്തം വിരിയിച്ച കഥാകാരന്‍…
‘വീണ്ടും കാണുക, എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക…’
ലോലയിലെ വരികളാണ് ഇത്… പക്ഷേ മരിക്കാനാകില്ലല്ലോ പത്മരാജന്റെ കഥാപാത്രങ്ങള്‍ക്ക്… പെരുമഴയായി അവര്‍ ഇപ്പോഴും പെയ്തിറങ്ങുകയാണ്.. ഉള്ളില്‍ ഉള്ളിന്റെ ഉളളില്‍ അങ്ങനെ പിടയ്ക്കുകയാണ്..
Discussion about this post