ഡല്‍ഹി: മിടുക്കനായ രാഷ്ട്രീയ നേതാവാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ രാജ്യം അദ്ദേഹത്തെ ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റി ഹിന്ദു കോളേജില്‍ നടന്ന ഒരു പരിപാടിയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
വളരെ ബുദ്ധിവൈഭമുള്ള രസികനായ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ധാരാളം വായിക്കുമായിരുന്ന അദ്ദേഹത്തിന്റെ കഴിവ് മന്ത്രിയായിരുന്ന വേളയില്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം വായിച്ച പുസ്തകങ്ങളിലെ വിവിധ വിഷയങ്ങളെപ്പറ്റി മിക്ക ദിവസങ്ങളിലും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ രണ്ട് തരത്തിലുള്ള നേതൃത്വത്തിന്റെ ഇടയിലാണ്. എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ കയ്യില്‍ ഉത്തരമുണ്ടെന്ന് അവകാശപ്പെട്ട് വണ്‍ മാന്‍ ഷോ കളിക്കുന്ന ഒരാളാണ് ഒരു ഭാഗത്ത്. തന്റെ കയ്യില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളില്ലെന്നും എന്നാല്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട് വിദഗ്ദ്ധരായ ആളുകളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് പറയുന്ന വേറൊരാള് മറുഭാഗത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി ആശയങ്ങളും കാഴ്ചപ്പാടുകളും ഉത്കണ്ഠകളും ഉള്ള സമയത്ത് മറ്റ് യുവാക്കള്‍ക്ക് മാതൃകയാകുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി വളര്‍ന്നത്. വിശ്വാസങ്ങളെയും മതങ്ങളെയും പറ്റി അദ്ദേഹം വളരെ ഗഹനമായി ചിന്തിച്ചിരുന്നു. കടുത്ത ശിവ ഭക്തനായ അദ്ദേഹം ബുദ്ധമതത്തിലെ ചില ആചാരങ്ങളും പിന്തുടര്ന്നിരുന്നു. ഹിന്ദു മതത്തിലെ വിവിധ വിശ്വാസ ശാഖകളെ പറ്റി ഗഹനമായി സംസാരിക്കാന്‍ കഴിയുന്ന ആള് കൂടിയാണ് രാഹുലെന്നും തരൂര്‍ പറഞ്ഞു.
Discussion about this post