കൊച്ചി: കന്യാസ്ത്രീകളുടെ ശാരീരിക മാനസിക പീഡനങ്ങള്‍ സഹിക്കാനാകാതെ പ്രായപൂര്‍ത്തിയാകാത്ത 20 പെണ്‍കുട്ടികള്‍ പാതിരാത്രി കോണ്‍വെന്റില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലാണ് സംഭവം. ആരാപണ വിധേയരായ സിസ്റ്റര്‍മാരായ അംബിക, ഡിന്‍സി എന്നിവരെ പ്രതികളാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍വെന്റിന്റെ സ്കൂളില്‍ നാലു മുതല്‍ പത്താം ക്ലാസു വരെ പഠിക്കുന്ന 24 വിദ്യാര്‍ത്ഥിനികളായിരുന്നു താമസക്കാര്‍. ഇതില്‍ 20 പേരാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ കോണ്‍വെന്റില്‍ നിന്ന് പുറത്തുകടന്നത്. ഇവര്‍ ലാല്‍സലാം റോഡിലൂടെ ചെട്ടിപ്പടി ഭാഗത്തെത്തിയപ്പോള്് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ കോണ്‍വെന്റിലെ പീഡനം ഭയന്ന് രക്ഷപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. പൊലീസ് വിദ്യാര്‍ത്ഥിനികളുമായി കോണ്‍വെന്റിലെത്തി. മറ്റൊരു കന്യാസ്ത്രീയെ ചുമതലയേല്‍പ്പിച്ച് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരില്‍ അധികവും.
പൊട്ടിക്കരഞ്ഞുകൊണ്ട് കന്യാസ്ത്രീകളുടെ ക്രൂരതകള്‍ വിവരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ദൈന്യത സോഷ്യല്‍മീഡിയകളില്‍ വൈറലായിട്ടുണ്ട്. കുട്ടികള്‍ക്ക് സമത്ത് ഭക്ഷണം നല്‍കാറില്ല, ചൂടെടുത്താലും ഫാനിടാന്‍ സമ്മതിക്കില്ല, നിസാര കാരണങ്ങള്‍ നിരത്തി ക്രൂരമായി മര്‍ദ്ദിക്കും. സിസ്റ്റര്‍ അംബികയ്ക്കെതിരെയാണ് കൂടുതല്‍ ആരോപണങ്ങള്‍. ഇന്നലെ രാവിലെ കോണ്‍വെന്റിലെത്തിയ കടവന്ത്ര എസ്.ഐ എസ്. വിജയശങ്കര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്.
Discussion about this post