മോശം കാലാവസ്ഥയെ തുടർന്ന് ഇറാൻ പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണെന്ന വാർത്ത ഇന്നലെ ഞെട്ടലോടെയാണ് ലോകം കേട്ടത്. മണിക്കൂറുകൾ എടുത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കും ഫലമുണ്ടായില്ല. അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി മീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം.
ഇറാൻ പ്രസിഡന്റ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന വാദം മാധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമാകുകയാണ്. റെയ്‌സി കൊല്ലപ്പെട്ടതോണോ അതോ ഏതെങ്കിലും ശക്തികൾ ആസൂത്രിതമായി അദ്ദേഹത്തെ കൊലപ്പെടുത്തിയതാണോ?
ഇറാനിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ പ്രബലനാണ് സയ്യിദ് ഇബ്രാഹിം റെയ്‌സി അൽ സാദത്തി എന്ന ഇബ്രാഹിം റെയ്‌സി. തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുന്ന രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മാനസ ശിഷ്യൻ.. ഖമേനിയ്ക്ക് ശേഷം റെയ്‌സി പിൻഗാമിയാകും എന്നാണ് അനുയായികൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് റെയ്സി.
കൊല്ലപ്പെട്ടത് ഇബ്രാഹിം റെയ്‌സിയായതിനാൽ എല്ലാവരും പ്രതിസ്ഥാനത്ത് നിർത്തുന്നത് ഇസ്രായേലിനെയാണ്. ഇസ്രായേൽ മുഖ്യശത്രുവായി കാണുന്ന ഹമാസിനെ കൈ മെയ് മറന്ന് സഹായിക്കാൻ കൂടെ നിൽക്കുന്ന രാജ്യമാണ് ഇറാൻ. നിരന്തരം തങ്ങൾക്ക് മേൽ മിസൈൽ വർഷം നടത്താൻ ആജ്ഞയിട്ട, റെയ്‌സിയുടെ ജീവന് മേൽ ഇസ്രായേൽ അല്ലാതെ ആര് കണ്ണ് വയ്ക്കാനാണെന്നാണ് ആളുകൾ ചോദിക്കുന്നത്.
നിങ്ങൾ ഇനിയൊരു തെറ്റ് ആവർത്തിച്ചാൽ ഒന്നും ബാക്കിയുണ്ടാകില്ലെന്ന ഇബ്രാഹിം റെയ്‌സിയുടെ മുന്നറിയിപ്പ് ഇസ്രായേലിന് വലിയ പ്രഹരമായിരുന്നു. ശത്രുക്കളെ അവരുടെ കോട്ടയിൽ പോയി വകവരുത്തുന്ന പതിവ് ഇസ്രായേലിന് പണ്ടേ ശീലമുള്ളതിനാൽ ഇത് തള്ളിക്കളയാനും പറ്റില്ല. പ്രത്യേകിച്ച് ഗാസ-ഇസ്രായേൽ സംഘർഷത്തിൽ ഹമാസിനൊപ്പം ഇറാൻ കട്ടയ്ക്ക് നിൽക്കുന്ന സാഹചര്യത്തിൽ. മേഖലയിൽ തങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന രാജ്യത്തെ നാഥനില്ലാ കളരിയാക്കിയാൽ നേട്ടം ഇസ്രായേലിന് തന്നെ.
അപ്രതീക്ഷിതമായുണ്ടായ ആഘാതത്തിൽ നിന്ന് അത്ര പെട്ടെന്ന് കരകയറാൻ പാകത്തിലല്ല ഇപ്പോൾ ഇറാന്റെ പോക്ക്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ദീർഘകാലങ്ങളായി ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ വലയുകയാണ് ഇറാൻ. അതിനൊപ്പം മതമൗലികവാദികളായ ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്ത് നിന്നും ഉയരുന്ന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വേറെ.
ഇബ്രാഹിം റെയ്‌സിയെ പോലുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പെട്ടെന്നുള്ള അഭാവം രാജ്യത്തിന്റെ അധികാര സന്തുലിതാവസ്ഥയെ വരെ തടസ്സപ്പെടുത്തും. മിഡിൽ ഈസ്റ്റിൽ ഉടനീളം ഇതിന്റെ പ്രത്യാഘാതങ്ങൾ ആഞ്ഞടിക്കും. ഒരു പഴുതിനായി തിരയുന്ന ഇസ്രായേലിന് ഈ അവസരം നന്നായിട്ടുപയോഗിക്കാമെന്ന് ചുരുക്കം.
എന്നാൽ, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മെസാദ് മുഖേന ശത്രുരാജ്യത്തെ ഒരു പ്രമുഖ നേതാവിനെ വധിക്കുന്നത് മറ്റൊരു യുദ്ധം പൊട്ടിപുറപ്പെടാനും ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇസ്രായേൽ ഒറ്റപ്പെടാനും കാരണമായേക്കും. ഇക്കാര്യം
ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തിനും
നന്നായിട്ടറിയാം. അത് കൊണ്ട് തന്നെ മറ്റേതെങ്കിലും വഴിയിലൂടെയാവും ഈ ഓപ്പറേഷൻ നടത്തിയിരിക്കുക എന്ന
വാദവും പ്രബലമാണ്. എന്നാൽ, അതല്ല അമേരിക്കയാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
ഇബ്രാഹിം റെയ്‌സിയെ ഇസ്രായേലും അമേരിക്കയും ഇത്ര വെറുക്കാൻ കാരണമെന്താണ്? അതിന് ആരായിരുന്നു റെയ്‌സിയെന്ന് ആദ്യം അറിയണം.
മതപുരോഹിതനും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുള്ള ഖമേനിയുടെ വിശ്വസ്തൻ എന്ന ലേബലിലൂടെയാണ് റെയ്‌സി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതും വളർന്നതും. 2021 ലാണ് തീവ്രയാഥാസ്ഥിതികനായ ഇദ്ദേഹം ഇറാന്റെ പ്രസിഡന്റായി ചുമതലയേറ്റത്. അധികാരത്തിലെത്തിയത് മുതൽ ഇസ്രായേലുമായും അമേരിക്കയുമായും നിരന്തരം കലഹത്തിലേർപ്പെട്ട് വീണ്ടും വീണ്ടും കുപ്രസിദ്ധിയാർജ്ജിച്ചു. മതപോലീസിനെ ഉപയോഗിച്ച് ഇറാനിൽ വീണ്ടും ഹിജാബ് നിർബന്ധമാക്കിയതും സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും രാജ്യത്തിനകത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു.
1960 ഡിസംബർ 14 ന് ഖുറാസാൻ പ്രവിശ്യയിലാണ് ഇബ്രാഹിം റെയ്‌സിയുടെ ജനനം. പേർഷ്യൻ മതകുടുംബത്തിലെ അംഗമായതിനാൽ മതപരമായ കാര്യങ്ങളിൽ ഏറെ തൽപ്പരനായിരുന്നു. മതപഠനശാലയിൽ നിന്നാണ് വിദ്യാഭ്യാസം ആരംഭിച്ചത്. വിദ്യാർത്ഥിയായിരിക്കെ റെയ്സി ആയത്തുള്ള ഖൊമേനി പിന്തുണയ്ക്കുന്ന ഹഖാനി ഗ്രൂപ്പിന്റെ ഭാഗമായി. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ,
ഇരുപതാം വയസിൽ അൽബുർസ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജിൽ പ്രോസിക്യൂട്ടറായി നിയമിതനായി. തൊട്ടു പിന്നാലെ തെഹ്‌റാനിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ പദവിയിലെത്തി.
പിന്നീട് ഇബ്രാഹിം റെയ്സി ഇറാനിയൻ ജുഡീഷ്യറിയിൽ സവിശേഷ പദവി അലങ്കരിച്ചു. ഇക്കാലത്താണ് ഇറാനിലെ രാഷ്ട്രീയ വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം പേരാണ് റെയ്‌സി ഉൾപ്പെട്ട ഡെത്ത് കമ്മറ്റിയുടെ പ്രോസിക്യൂഷന് വിധേയമായി ജീവൻ നഷ്ടമായത്. തടവുകാരിൽ ഭൂരിഭാഗവും ഇടതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീൻ ഇ ഖൽഖിലെ അംഗങ്ങളായിരുന്നു. ഇതിന്റെ പേരിൽ പല രാജ്യങ്ങളിലും റെയ്‌സിയ്ക്ക് സഞ്ചാര വിലക്കുണ്ടായിരുന്നു.
എന്തായാലും, ഇബ്രാഹിം റെയ്‌സിയെന്ന പ്രബല നേതാവിന്റെ മരണത്തോടെ ഇറാനിൽ ഒരു യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. റെയ്‌സിയുടെ മരണത്തിൽ ആര് പ്രതികൂട്ടിലാവും, ആരൊക്കെ തമ്മിൽ ഏറ്റുമുട്ടലുണ്ടാവും എന്നൊക്കെ കണ്ടറിയേണ്ടി വരും..












Discussion about this post