ഡല്‍ഹി: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന് അപേക്ഷിച്ച് പാക്കിസ്ഥാന്‍. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുന്നതിനിടെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നത്.
അക്രമണത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായതാണ് പാക്കിസ്ഥാനെ പേടിപ്പിക്കുന്നത്. വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം ഉണ്ടായത്. അഞ്ച് സൈനികരും സൈനികന്റെ പിതാവും അടക്കം ആറുപേര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൈനികരുടെ കുടുംബാംഗങ്ങളില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെയും സൈന്യം വധിച്ചു.
2016 ല്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ഭീകര താവളങ്ങള്‍ ആക്രമിച്ച് പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. മിന്നലാക്രമണം നടത്താനുള്ള ശേഷി ഇന്ത്യക്കിനിയുമുണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post