പുരാണഗ്രന്ഥങ്ങളിലെ് ‘ആധുനിക ശാസ്ത്രം’ പുതിയ തലമുറക്ക് പകരാന്‍ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സംസ്കൃതമഹോത്സവം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച നടക്കുന്ന പരിപാടിയില്‍ ‘പുരാണഗ്രന്ഥങ്ങളിലെ ആധുനിക ശാസ്ത്രം’ എന്ന വിഷയം ചര്‍ച്ചചെയ്യും. ആര്.എസ്.എസിന്റെ അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ജെ.എന്‍.യു.വില്‍ ‘രാജ്യദ്രോഹപര’മായി ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നും അതിനെ ചെറുക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും സംസ്കൃതഭാരതി പറയുന്നു.ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം എന്നീ രംഗങ്ങളില്‍ പൂര്‍വികര്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന ‘സംസ്കൃത വിജ്ഞാന് പ്രദര്‍ശിനി’യും വിവിധ മത്സരങ്ങളും ഇതോടൊപ്പം നടക്കും. സംസ്കൃതം ഐച്ഛികവിഷയമായെടുത്ത് ഐ.എ.എസ്. നേടിയവരുമായി സംവാദം സംഘടിപ്പിക്കും. ശാസ്ത്രരംഗത്ത് ഇന്നു ലോകം കൈവരിച്ച നേട്ടങ്ങള്‍ പുരാതനകാലത്തേ ഇന്ത്യ നേടിയിരുന്നു എന്ന ആശയം ഉറപ്പിക്കാനാണ് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും എത്തിക്കുകയാണ് ലക്ഷ്യം.
ജ്യോതിശ്ശാസ്ത്രം, വൈദ്യം, രാഷ്ട്രീയം, സസ്യശാസ്ത്രം, ജീവശാസ്ത്രം, വ്യോമയാനം, എന്‍ജിനീയറിങ് തുടങ്ങി 29 വിഭാഗങ്ങളിലായാണ് സംസ്കൃത ഗ്രന്ഥങ്ങളിലെ സംഭാവനകള്‍ അവതരിപ്പിക്കുക. ‘ഇന്ത്യക്കാര്‍ കണ്ടെത്തിയ ഒട്ടേറെ ശാസ്ത്രോപകരണങ്ങളുടെ പേരും പെരുമയും കിട്ടുന്നത് മറ്റുള്ളവര്‍ക്കാണ്. ഋഗ്വേദത്തില്‍ വെളിച്ചത്തിന്റെ വേഗത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കാന്തത്തിന്റെ വിവിധ രൂപങ്ങള്‍, ഗ്രഹങ്ങളുടെ സഞ്ചാരപാത തുടങ്ങിയ വിഷയങ്ങളില്‍ ഋഷിമാര്‍ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്’. ഇതെല്ലാം ചര്‍ച്ചയിലെത്തിക്കുകയാണ് സംസ്കൃതോത്സവത്തിന്റെ ഉദ്ദേശം
ഡല്‍ഹി സര്‍വകലാശാലയിലും സമാനപരിപാടി സംഘടിപ്പിക്കും. മറ്റുസംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും സംസ്കൃത ഭാരതി പറയുന്നു.
Discussion about this post