ഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദവിജ്ഞാപനത്തിനു മാറ്റം വരുത്തി. കന്നുകാലികളെ കശാപ്പിനായി വില്ക്കുന്നതു തടഞ്ഞുകൊണ്ടു കഴിഞ്ഞ മേയില്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു. പിന്നീടത് പിന്‍വലിച്ചതിന് ശേഷം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പുതിയ കരട് വിജ്ഞാപനമാണ് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിജ്ഞാപനത്തില്‍ കശാപ്പ് നിയന്ത്രണം എന്ന പ്രയോഗം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഗര്‍ഭിണികളായ കാലികളെയും കന്നുകുട്ടികളെയും ആരോഗ്യമില്ലാത്ത കാലികളെയും കാലിച്ചന്തയില്‍ വില്‍ക്കരുതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കൂടാതെ മൃഗങ്ങളെ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം എന്നും നിബന്ധനയുണ്ട്.
കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അംഗീകാരം കിട്ടിയാലുടന്‍ വിജ്ഞാപനത്തിന്റെ കരട് പരിസ്ഥിതിമന്ത്രാലയം പരസ്യപ്പെടുത്തും. പഴയ വിജ്ഞാപനത്തിലെ കാലിച്ചന്ത നിരീക്ഷണസമിതിക്കുപകരം മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പ്രാദേശിക തല സമിതി രൂപീകരിക്കാന്‍ കരട് നിര്‍ദേശിക്കുന്നു. ജില്ലാ മജിസ്ട്രേറ്റ്, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധി, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്നതാവും സമിതി. കാലിച്ചന്തയില്‍നിന്ന് കാലികളെ വാങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് ഈ സമിതി നല്‍കണം.
Discussion about this post