മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോളും ധനമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റും സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവ്. ഈസ്റ്റ് എളേരി പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ജയരാജന്റെ സസ്പെന്ഷന് റദ്ദാക്കാനാണു ഉത്തരവ്.
ജയരാജനെ അതേ സ്ഥാനത്ത് തിരികെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ 14ന് ആണു ജയരാജനെ സസ്പെന്‍ഡ് ചെയ്യുന്നത്.
ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോള്‍ പ്രചരിപ്പിച്ചുവെന്നാണു പ്രധാന പരാതി. നോട്ടു നിരോധനകാലത്തു മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നായിരുന്നു നടപടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 1960ന്റെ 60 ാം വകുപ്പിന്റെ ലംഘനമാണു ജയരാജന് നടത്തിയതെന്നായിരുന്നു സസ്പെന്ഷന് ഉത്തരവില്‍. എന്നാല്‍ പരസ്യമായി സര്‍ക്കാരിനെ വാക്കുകള്‍ കൊണ്ടോ എഴുത്തു കൊണ്ടോ വിമര്‍ശിച്ചാല്‍ മാത്രമേ ഈ വകുപ്പിന്റെ ലംഘനമാകുന്നുള്ളുവെന്നു ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. മറ്റാരോ നിര്‍മിച്ച ട്രോള്‍ തന്റെ ‘ഫ്രന്‍ഡ്സ്’ മാത്രമുള്ള സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുക മാത്രമാണു ജയരാജന് ചെയ്തത്. ഒരുവിധ വകുപ്പുതല നടപടികളും ഇതിന്റെ പേരില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post