ലണ്ടന്‍: കുട്ടികളെ ഉള്‍പ്പെടുത്തി ‘ജിഹാദി’ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച ഉമര്‍ ഹഖ്(25) എന്ന അദ്ധ്യാപകന് കുറ്റക്കാരനെന്ന് തെളിഞ്ഞു. താന്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന് സമ്മതിച്ചിട്ടുണ്ട് ഉമര്‍. ഇസ്ലാമിക് സ്റ്റഡീസ് പഠിപ്പിക്കാനായി ലണ്ടനിലെ ഒരു സ്കൂളില്‍ കടന്നുകൂടിയ ഇയാള്‍ 11 മുതല്‍ 16 വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് തന്റെ ‘സേന’യിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത്.
ഭീകരരുടെ ക്യാമ്പുകളില്‍ നടക്കുന്ന ക്രൂര പ്രവൃത്തികളുടെ വിഡിയോകള്‍ കുട്ടികളെ കാണിച്ചായിരുന്നു ഉമറിന്റെ ‘ക്ലാസുകള്‍’. ഇതിനെപ്പറ്റി പുറത്തുപറഞ്ഞാല്‍ വിഡിയോയില്‍ കണ്ടതു പോലെത്തന്നെ കുട്ടികളുടെ ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ലണ്ടനിലെ പ്രശസ്തമായ പല സ്ഥലങ്ങളിലും കുട്ടികളെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നു. പൊലീസ് വന്നാല്‍ എങ്ങനെ ആക്രമിക്കണമെന്നും ശരീരം എങ്ങനെ ശക്തിപ്പെടുത്തണമെന്നുമുള്ള മുറകള്‍ ഇയാള്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. കിഴക്കന്‍ ലണ്ടനിലെ ഒരു സ്കൂളിലും മദ്രസയിലുമായുള്ള നൂറില്‍ പരം കുട്ടികളെയാണ് ഇയാള്‍ പരിശീലിപ്പിച്ചുരുന്നത്.
പല കുട്ടികളും തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നിരുന്നാലും ആറു കുട്ടികള്‍ ഹഖിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിശീലനം കിട്ടിയ കുട്ടികളില്‍ 35 പേര് ഇപ്പോള്‍ വിവിധ കൗണ്‍സലിങ്ങുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയാണ് ഹഖ് ഭീകരവാദത്തിലേക്ക് ആകൃഷ്ടനായതെന്നാണു വിവരം. ഹഖിനെതിരെ നാലു കേസുകള്‍ പൊലീസ് നേരത്തേതന്നെ ചുമത്തിയിട്ടുണ്ടായിരുന്നു. ഇരുപത്തിയേഴുകാരനായ മുഹമ്മദ് ആബിദ് എന്നയാളും ഹഖിനെ സഹായിച്ചതിനു പിടിയിലായിട്ടുണ്ട്.
Discussion about this post