മണിക് സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ക്കില്ലാത്ത എന്തു ബാധ്യതയാണു കോണ്‍ഗ്രസിനുള്ളതെന്ന ചോദ്യമുയര്‍ത്തി ജനശക്തി വാരിക. ത്രിപുര പൊതുതിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രനേതൃത്വം എന്തു പങ്കാണു വഹിച്ചത്? എത്ര പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണു ത്രിപുര സന്ദര്‍ശിച്ചു പ്രചാരണത്തിനു നേതൃത്വം നല്‍കിയത്? ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ബഹുജന സംഘടനകളുടെ ദേശീയ നേതാക്കളില്‍ ആരെങ്കിലും ത്രിപുരയില്‍ കാലുകുത്തിയോ? ത്രിപുര ബംഗാളികളുടെ കൂടി നാടാണ്. എന്നിട്ടും പശ്ചിമ ബംഗാളിലെ ഇടതുനേതാക്കളില്‍ ആരെങ്കിലും പ്രചാരണ രംഗത്തു ത്രിപുര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചോ? രാജ്യത്തെ പ്രധാനമന്ത്രിയോടാണു ത്രിപുര പോലെ ഒരു ചെറിയ ഭൂപ്രദേശം പൊരുതിയതെന്നും ജനശക്തി മുഖപ്രസംഗം പറയുന്നു.
തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പോലും പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പരസ്പരം ചെളിവാരി എറിയുകയായിരുന്നുവെന്നും, ത്രിപുരയിലെ വോട്ടെടുപ്പ് അവര്‍ ഗൗരവമായി കണ്ടതേയില്ലെന്നും സിപിഎം മുന്‍ പ്രവര്‍ത്തകരുടെ വാരികയായ ജനശക്തി ആരോപിക്കുന്നു.
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനു കോണ്‍ഗ്രസിനെ പഴി ചാരുന്ന കേരളത്തിലെ സിപിഎം നേതാക്കള്‍ എന്തെങ്കിലും ചെയ്തോ എന്നും ജനശക്തിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗം ചോദിക്കുന്നു.
യൂറോപ്പിലും പശ്ചിമേഷ്യയിലും മറ്റും വിനോദസഞ്ചാരത്തിനു പോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇന്ത്യയിലെ കൊച്ചു ത്രിപുര സന്ദര്‍ശിക്കണമെന്നു തോന്നിയില്ല? ‘ത്രിപുരയില്‍ പോകുന്നില്ലേ’ എന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ‘ഫെയ്സ്ബുക്കില്‍ എഴുതാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്സ്ബുക്കില്‍ എഴുതിയാണോ ഇന്ത്യയില്‍ സിപിഎം തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്? കേരളത്തിലെ സിപിഎം മന്ത്രിമാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എത്രയെത്ര രാജ്യങ്ങളില്‍ എന്തെല്ലാം കാരണങ്ങളുണ്ടാക്കി ചുറ്റിക്കറങ്ങി? പൊതുതിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര വരെ ഒന്നു പോകണമെന്നോ അവര്‍ക്കു വേണ്ടി രണ്ടു വാക്ക് സംസാരിക്കണമെന്നോ എന്തുകൊണ്ടു തോന്നിയില്ല?
ഉമ്മന്‍ ചാണ്ടി മുതല്‍ വാഴക്കന് വരെയുള്ള കോണ്‍ഗ്രസുകാര്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതു മാധ്യമങ്ങളില്‍ കണ്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ത്രിപുരയില്‍ പോകാന്‍ എന്തു കൊണ്ടു തോന്നിയില്ല? ത്രിപുരയിലെ തോല്‍വിയുടെ പഴി മുഴുവന്‍ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുമേല്‍ ചാരുന്ന കേരളത്തിലെ സിപിഎം വക്താക്കളുടെ നടപടി ഭോഷ്ക്ക് ആണെന്നും ജനശക്തി പരിഹസിക്കുന്നു. ത്രിപുരയിലെ തിരഞ്ഞെടുപ്പു വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്ര മോദിക്കാണെന്നും ജനശക്തി പറയുന്നു.
കേരളത്തിലെ സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തിനിന്ന കാലത്തു വി.എസ്. അച്യുതാനന്ദനോടൊപ്പം നിന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുടെ പ്രസിദ്ധീകരണമാണ് ജനശക്തി
Discussion about this post