ശ്രീലങ്കയില്‍ ബുദ്ധമതസംഘടനകളും ഒരു വിഭാഗം യാഥാസ്ഥിതിക മുസ്ലിം സമൂഹവും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ന്യൂനപക്ഷമായ മുസ്ലിം വിഭാഗം രാജ്യത്ത് വര്‍ദ്ധിക്കുന്നതാണ് ബുദ്ധമതവിഭാഗങ്ങളെ അസ്വസ്ഥമാക്കിയത്. സമാധാനവക്താക്കളായ ബുദ്ധമതത്തില്‍ നിന്ന് വന്‍ തോതില്‍ മുസ്ലിം സമുദായത്തിലേക്ക് മതം മാറ്റം നടക്കുന്നു എന്നാരോപിച്ച് നിരവധി ബുദ്ധ സംഘടനകള്‍ ഇതേ തുടര്‍ന്ന് രംഗത്തെത്തി. 2014 മുതല്‍ ഇതേ ചൊല്ലി സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം മുസ്ലിം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയ സംഘര്‍ഷമാണ് ഇപ്പോള്‍ ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ മുഴുവന്‍ വ്യാപിച്ച കലാപമായി മാറിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാന്‍ഡിയിലായിരുന്നു തുടക്കം. അഞ്ച് പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേള്‍ക്കുകയും, ഷോപ്പുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.
മുസ്ലിംകള് രാജ്യവ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ചില തീവ്ര ബുദ്ധ സംഘടനകളുടെ ആരോപണം. ബുദ്ധനുമായി ബന്ധപ്പെട്ട ചരിത്രപ്രധാന സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ മുസ്ലിംകള് ആണെന്ന് ബുദ്ധമതക്കാര്‍ ആരോപിക്കുന്നു. ഭൂരിപക്ഷ മത വിഭാഗത്തിന്റെ പരാതികള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. ഇതിനിടയിലാണ് ബുദ്ധമതക്കാര്‍ ഏറെയുള്ള മ്യാന്മറില്നിന്ന് അഭയാര്‍ഥികളായി ഒട്ടേറെ രോഹിന്ക്യ മുസ്ലിംകള് ശ്രീലങ്കയിലെത്തിയത്. ഇതിനെതിരെ ബുദ്ധമതക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
മതം മാറ്റം ആരോപിച്ച് പലയിടത്തും ഉണ്ടായ സംഘര്‍ഷങ്ങളില്‍ ബുദ്ധ മതവിഭാഗങ്ങളെ പീഡിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും തീവ്ര ബുദ്ധമത സംഘടന നേതാക്കള്‍ക്കുണ്ട്.
ശ്രീലങ്കയിലെ 21 ദശലക്ഷം ആളുകളില്‍ പത്ത് ശതമാനം മുസ്ലീം വംശജരാണ്. തമിഴര്‍ക്ക് ശേഷം രണ്ടാമത്തെ വലിയ ന്യൂനപക്ഷ ഗ്രൂപ്പാണ് മുസ്ലിംകള്. സിന്ഹളീര് ഒരു വലിയ ബുദ്ധമത വിഭാഗമാണ് . ശ്രീലങ്കയിലെ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ഇവരാണ്. ബാക്കി 13 ശതമാനം ഹിന്ദുക്കളാണ്. കഴിഞ്ഞ മാസവും ഇവിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ കടകളും മുസ്ലീംപള്ളിയും തകര്‍ക്കുകയും ചെയ്തിരുന്നു.
2014 ജൂണില്‍ ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മിലുണ്ടായ മതപരമായ കലാപങ്ങള്‍ കാരണം നാലുപേര്‍ കൊല്ലപ്പെടുകയും , നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ മ്യാന്മറിലെ ബുദ്ധ തീവ്രവാദത്തെ കുറിച്ച് പറയുന്ന ടൈം മാഗസിന്റെ പതിപ്പിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. കവര്‍ സ്റ്റോറി പുറത്തിറങ്ങിയതോടെ ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്നാണ് മാഗസിന് നിരോധിക്കാന്‍ കാരണമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്.
പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.ഫേസ്്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.
വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുന്നതു തടയുന്നതിനും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Discussion about this post