ഇടുക്കി ദേവികുളത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ സബ്കളക്ടറെയും സംഘത്തെയും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
അനധികൃത കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്തെ പണിയായുധങ്ങള്‍ പിടിച്ചെടുക്കാനെത്തിയ സംഘത്തെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്.. ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണിന്റെ സഹോദരന് ജോര്‍ജ് ജോണിന്റെതായിരുന്നു അനധികത നിര്‍മ്മാണം.
ദേവികുളം കച്ചേരി സെറ്റില്‍മെന്റില്‍ ജോര്‍ജ് ജോണിന്റെ അനധികൃത കെട്ടിടനിര്‍മാണത്തിന് റവന്യൂ വകുപ്പ് നേരത്തേ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരേ ഇയാള്‍ കോടതിയെ സമീപിക്കുകയും തത്സ്ഥിതി തുടരാന്‍ ഉത്തരവു സമ്പാദിക്കുകയുംചെയ്തു. എന്നാല്‍, പണികള്‍ നടത്തരുതെന്ന നിര്‍ദേശം ലംഘിച്ച് കഴിഞ്ഞദിവസം പണികള്‍ തുടങ്ങിയതോടെയാണ് സബ്കളക്ടര്‍ വി.ആര്.പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പണി തടഞ്ഞ് പണിയായുധങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത്.
എന്നാല്‍, പണിയായുധങ്ങള്‍ വിട്ടുനല്കില്ലെന്നുപറഞ്ഞ് സ്ത്രീകളടക്കമുള്ളവര്‍ വഴിതടഞ്ഞു. സംഭവമറിഞ്ഞ് പാര്ട്ടിപ്രവര്ത്തകരടക്കം കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി. പണിയായുധങ്ങള്‍ പിടിച്ചെടുക്കാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു സബ്കളക്ടര്‍. പിന്നീടു കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധത്തിനിടെ ആയുധങ്ങള്‍ പിടിച്ചെടുത്ത റവന്യൂസംഘം ഇവ പോലീസിനു കൈമാറി.
സബ്കളക്ടറുടെ നിര്‍ദേശമനുസരിച്ച് ഭൂസംരക്ഷണനിയമപ്രകാരം ജോര്‍ജിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
Discussion about this post