അഗര്‍ത്തല: ത്രിപുരയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെയും ബിജെപി നേതാക്കള്‍ നേരിട്ടു ക്ഷണിച്ചു . സിപിഎം ഓഫീസിലെത്തിയാണ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക് ക്ഷണിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവുമാണ് മാണിക് സര്‍ക്കാരിനെ ക്ഷണിക്കാന്‍ നേരിട്ടെത്തിയത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിയുകയും സിപിഎം ഓഫീസിന്റെ മുകള്‍ നിലയില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവിടെയത്തിയാണ് ബിജെപി നേതാക്കള്‍ മുന്‍മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ വ്യാപകമായി ആക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇടതുപക്ഷം നേരത്തെ അറിയിച്ചരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവു കൂടിയായ മണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ എത്തിയത്. മുഖ്യമന്ത്രി പദം രാജിവെച്ച ഉടന്‍തന്നെ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാരിന്റെ നടപടിയെ ബിജെപി നേതാക്കള്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമാണിത് കാണിക്കുന്നതെന്നും മറ്റു നേതാക്കള്‍ അനുകരിക്കേണ്ടതാണിതെന്നും രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post