ഡല്‍ഹി: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ചോര്‍ത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതൃത്വം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്നിലെത്തി ബിജെപി വിശദീകരണം നല്കി.
അമിത് മാളവ്യ ട്വീറ്റു ചെയ്തത് ഒരു ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് ശേഷമാണെന്നും സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവും ഇതേ സമയത്ത് ട്വീറ്റ് ചെയ്തിരുന്നുവെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ചിരുന്നു.
ഇതിനിടെ അമിത് മാളവ്യ തന്റെ ഭാഗം വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയക്കുകയും ചെയ്തു. 11.06 ന് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം 11.08 ന് ആണ് താന്‍ ട്വീറ്റ് ചെയ്തത്. ഇതേ സമയം കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ട്വീറ്റ് ചെയ്തിരുന്നു- ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടിന്റെയും മറ്റ് ട്വീറ്റുകളുടേയും സ്ക്രീന്‍ ഷോട്ടും അമിത് മാല്‍വിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപന ചോര്‍ച്ച വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post