യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ലെന്ന വിചിത്രവാദവുമായി സീറോ മലബാര്‍ സഭ. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കുകയാണെന്നാണ് സഭയുടെ ആരോപണം. യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മെത്രാന് സമിതി തീരുമാനിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സീറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധന രീതികളില്‍ പോലും യോഗ സ്ഥാനം പിടിച്ചതോടെ ഇതിനെ കുറിച്ച് പഠിക്കാന്‍ മെത്രാന് സമതി ദൈവശാസ്ത്ര കമ്മീഷനെ നിയോഗിച്ചിരുന്നു. യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ലെന്നും അതിനാല്‍ അത് ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്ന് പോകില്ലെന്നും കമ്മീഷന് സിനഡിന് മുന്പില് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യോഗയോടുള്ള എതിര്‍പ്പ് അതിന്റെ പൗരസ്ത്യമോ ,വിജാതിയമോ ആയ ഉത്ഭവമല്ലന്നും യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്നും സീറോ മലബാര്‍ സഭ ഡോക്ട്രൈനല്‍ കമ്മീഷന് പറയുന്നു.
ഡോക്ട്രൈനല്‍ കമ്മീഷനു വേണ്ടി ചെയര്‍മാനും പാല രൂപത മെത്രാനുമായ ജോസഫ് കല്ലറങ്ങാട്ട് സമര്‍പ്പിച്ച നയരേഖ ഫരീദാബാദ്, ഛാന്ദാ, മാണ്ഡ്യ രൂപതകളുടെ എതിര്‍പ്പിനെ മറികടന്നാണ് സിനഡ് അംഗീകരിച്ചത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലടി സമീക്ഷയിലെ ഈശോ സഭാ വിഭാഗവും സിനഡിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധത്തിലാണ്. സിനഡ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തു വരാനാണ് വിമത വിഭാഗങ്ങളുടെ തീരുമാനം.
പൗരസ്ത്യ ആധ്യാത്മിക സരണികളില്‍ നിന്നാണ് ക്രിസ്തിയതയുടെ ആത്മീയ ശൈലികളില്‍ ഭൂരിഭാഗവും രൂപം കൊണ്ടതെന്ന് സഭയ്ക്ക് ബോധ്യമുണ്ട്. എന്നാല്‍ യോഗയെ എതിര്‍ക്കുവാനുള്ള സഭയുടെ തീരുമാനത്തിനെ നിസാരവല്ക്കരിക്കരുത്. ശാരീരികമായ വ്യായാമം എന്ന നിലയില്‍ യോഗയെ സ്വീകരിക്കാമെന്നും, എന്നാല്‍ ധ്യാന രീതിയായോ, ദൈവ വചന വ്യാഖ്യാനരീതിയായോ, മോക്ഷമാര്‍ഗ്ഗമായോ യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സീറോ മലബാര്‍ സഭ പറയുന്നു.
Discussion about this post