ബാര്ക്കോഴയാരോപണത്തില് സംസ്ഥാനത്തുടനീളം മാണിയ്ക്കെതിരെ ശക്തമായ വികാരം ഉയരുമ്പോള്‍ ഇടത് മുന്നണി പ്രത്യക്ഷ സമരത്തില്‍ സജീവമാകാതെ മാറി നിര്ക്കുന്നുവെന്ന ആരോപണം വീണ്ടും ഉയരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് മുന്നണി മാണിയ്ക്കെതിരെയുള്ള മുന്നണിയുടെ സമരപരിപാടികള്‍ പ്രഖ്യാപിച്ചത്. മാണി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്ക്കരിക്കാനാണ് ഇടത് മുന്നണി തീരുമാനം. ആദ്യ പ്രത്യക്ഷ സമരം അടുത്ത മാസം മൂന്നിനാണ് അന്ന് ഇടത് മുന്നണി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. താലൂക്ക് കേന്ദ്രങ്ങളിലും അന്ന് തന്നെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.
തൃശ്ശൂരില്‍ ചേര്‍ന്ന അടിയന്ത എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്. മാണിയ്ക്കെതിരെ പ്രക്ഷോഭം നടത്താന്‍ എല്‍ഡിഎഫ് വൈകിയെന്ന ആരോപണം അടിസ്ഥാരഹിതമാണെന്ന് വൈക്കം വിശ്വന് പറഞ്ഞു.
മാണി രാജിവെക്കണമെന്ന ആവശ്യം സിപിഎം, സിപിഐ നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. അതിനാല്‍ ഇടത് മുന്നണി മാണിയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
ബാര്‍ക്കോഴക്കേസില്‍ ഉള്‍പ്പെട്ട കെ.എം മാണി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ഇടത് മുന്നണി നേതാക്കള്‍ പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ ഇടത് മുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് സമരം മാത്രമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഇടത് മുന്നണിയ്ക്ക് കഴിയുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post