വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെറുകുടലിലും മുറിവുണ്ട്.
പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പോലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.
വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിനെ വീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഇതിനിടയിലാണ് ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും.
അടിവയറ്റില്‍ മുറിവേറ്റനിലയിലാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. രക്തത്തില്‍ അണുബാധ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചെറുകുടലില്‍ മുറിവ് പറ്റിയതായി ശസ്ത്രക്രിയയ്ക്കിടെ കണ്ടെത്തി. കുടലിലും മറ്റും ചതവും ശ്രദ്ധയില്‍പ്പെട്ടു. രക്തസമ്മര്‍ദം അപകടകരമായ അവസ്ഥയിലായിരുന്നു.
വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനവും ദോഷകരമായി ബാധിച്ചിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും അപകടാവസ്ഥയിലായിരുന്നു. രണ്ടുദിവസം ഐ.സി.യു.വിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം.
ചൊവ്വാഴ്ച പോലീസ് സര്ജന് ഡോ. സക്കറിയ തോമസിന്റെ നേതൃത്വത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ടരമണിക്കൂര്‍ നീണ്ട നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
Discussion about this post