മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ അച്ഛന്റെ മേലുള്ള പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 20 വയസ്സുള്ള നെയ്ത്ത് തൊഴിലാളിയായ അബേദ് ഷെയ്ക് എന്നയാളാണ് കേസിലെ പ്രതി. മഹാദേവ് പ്രസാദ് എന്നയാളുടെ മകളായ നാല് വയസ്സുകാരി പായല്‍ പ്രസാദിനെയാണ് ഷെയ്ക് കൊലപ്പെടുത്തിയത്.
ഏപ്രില്‍ 1 വൈകുന്നേരം 04:30ന് വീടിനടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ പോയ പായലിനെ പിന്നീട് കാണാതാവുകയായിരുന്നു. അടുത്ത ദിവസം മഹാദേവ് പ്രസാദ് ഭിവണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഏപ്രില്‍ 4ാം തീയ്യതി മൊഹമ്മദീയ പള്ളിയുടെ പുറകിലായി പായലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ശരീരം അഴുകിയ നിലയിലായിരുന്നു. ഇരു കൈകളും ഇടത് കാലിലെ ചില വിരലുകള്‍ മുറിച്ച് മാറ്റിയിട്ടുണ്ടായിരുന്നു.
അബേദ് ഷേയ്ക് ബീഡിക്കട നടത്തുന്ന മഹാദേവ് പ്രസാദിന് 1,500 രൂപ കടം തിരിച്ച് കൊടുക്കാനുണ്ടായിരുന്നു. പല തവണ കാശ് തിരിച്ച് ചോദിച്ചിട്ടും ഷെയ്ക് പണം തിരികെ നല്‍കിയില്ല. ഇതിനെച്ചൊല്ലി ഇരവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രതികാരമായാണ് ഷെയ്ക് മഹാദേവിന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നത്.
കൊലപാതകം നടത്തിയതിന് ശേഷം തന്റെ നാടായ ബീഹാറിലേക്ക് പോയിരുന്ന അബേദ് ഷെയ്ക്. ഇൗ നീക്കം പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. ബീഹാറില്‍ നിന്നും ഷെയ്കിനെ ഭിവണ്ടിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തു. പായലിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഷെയ്ക് സമ്മതിച്ചിട്ടുണ്ട്.
എങ്ങനെയാണ് പായലിനെ കളിസ്ഥലത്ത് നിന്നും കൂട്ടിക്കൊണ്ടുപോയതെന്നറിയാന് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്. വിരലുകള്‍ മുറിച്ചത് ഒരു മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Discussion about this post