ശ്രീനഗര്‍: കശ്മീരിലെ കത്വ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്നവര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തിനെ സഹായിക്കാനെന്ന പേരിലായിരുന്നു പിരിവ്. എന്നാല്‍ ഈ തുക ഇതുവരെ കുടുംബത്തിന്റെ കൈവശം എത്തിച്ചേര്ന്നില്ലെന്നാണ് പറയുന്നത്. രണ്ട് പേര് തമ്മില്‍ പണമിടപാട് സംബന്ധിച്ചുള്ള സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പണം പിരിച്ചവര്ക്കിടിയില് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞതായും ഓഡിയോ ക്ലിപ്പില്‍ നിന്നും വ്യക്തമാകുന്നതായി പോലീസ് പറയുന്നു.
താന്‍ ഈ ശബ്ദരേഖ കേട്ടുവെന്നും തന്റെ കൈയ്യില്‍ ലഭിച്ചയുടനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് അപരിഷ്കൃതവും കിരാതവുമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ലഭിക്കാവുന്ന ശിക്ഷ നല്‍കും. മനുഷ്യത്വമുള്ള ആര്‍ക്കും ഇത്തരം നടപടി എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരായ ആരും അതുപോലൊരു കാര്യം ചെയ്യില്ല. എന്നാല്‍ ഇത്തരമൊരു സംഭവത്തിന് മതവത്കരിച്ചതാണ് ഏറ്റവും നിര്‍ഭാഗ്യം. കത്വ സംഭവത്തെ വര്‍ഗീയമായി ധ്രൂവികരിക്കുന്നത് അപലപനീയമാണെന്നും നിര്‍മല്‍ സിംഗ് പ്രതികരിച്ചു.
Discussion about this post