ഹൈദരാബാദ്: കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ ഒഴിവാക്കി സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തിന് സമന്വയമായി. തിരഞ്ഞെടുപ്പ് വേളകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ പ്രമേയം. കോണ്‍ഗ്രസുമായി ധാരണയാകാം,സഖ്യം പാടില്ല എന്ന തരത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പരാമര്‍ശത്തില്‍ മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചത്.
പാര്‍ലമെന്റിനകത്തും പുറത്തും യോജിക്കാവുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടത്താം എന്ന നിര്‍ദേശത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. അടവു പരമായി സഹകരിക്കാമെന്ന രാഷ്ട്രീയ സ്വഭാവം കാരാട്ടിന്റെ കരടിലുണ്ടായിരുന്നു. ഇത് മാറ്റി ആവശ്യമെങ്കില്‍ സഹകരിക്കാം എന്നാക്കി.
കരട് പ്രമേയത്തില്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ആവര്‍ത്തിച്ചുറപ്പിച്ച മേല്‍ക്കൈയ്യാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടുപക്ഷത്തിന് നഷ്ടപ്പെട്ടത്. രഹസ്യവോട്ടെന്ന തീരുമാനത്തിലേക്ക് യച്ചൂരി പിടിമുറുക്കിയതോടെ എതിര്‍പക്ഷം പ്രതിരോധത്തിലവുകയായിരുന്നു . വോട്ടെടുപ്പുണ്ടായാല്‍ വിജയിക്കും എന്ന ആത്മവിശ്വാസത്തിലായിരുന്നു കേരളഘടകം. ബംഗാള്‍ ഘടകവും പരസ്യ പ്രതിഷേധമെന്ന ഭീഷണി മുഴക്കി. ഇതിനായി അണിയറയില്‍ പ്രവര്‍ത്തിച്ചത് പിണറായിയും കേരളഘടകവുമാണ്. പക്ഷെ കരട് പ്രമേയത്തില്‍ രഹസ്യവോട്ടെടുപ്പ് എന്ന നിലപാടിലേക്ക് യെച്ചൂരിപക്ഷം ഉറച്ചു നിന്നപ്പോള്‍ പിണറായിയുടെ തന്ത്രങ്ങളും വിലപോയില്ല. ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും എന്നതിന്റെ സൂചന കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍.
Discussion about this post