ബിസിനസ് മാഗസിനായ ഫോര്‍ബ്സ് പുറത്തിറക്കിയ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ പത്ത് പേരുടെ കൂടെ. ഒന്‍പതാം സ്ഥാനത്താണ് മോദി നില്‍ക്കുന്നത്. യു.കെയുടെ പ്രധാനമന്ത്രി തെരേസാ മെയ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരെക്കാള്‍ മുകളിലാണ് മോദിയുടെ സ്ഥാനം.
യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയവരുമായി ഔദ്യോഗികമായ സന്ദര്‍ശനങ്ങള്‍ നടത്തിയത് വഴി മോദി തന്റെ ശക്തി വര്‍ധിപ്പിച്ചുവെന്നാണ് ഫോര്‍ബ്സ് പറയുന്നത്. 2016ല്‍ കൊണ്ടു വന്ന നോട്ട് നിരോധനത്തെപ്പറ്റിയും മാഗസിനില്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ വേണ്ടി ആഗോളതലത്തില്‍ മോദിയുടെ പ്രയത്നങ്ങളെയും മാഗസിന് പ്രശംസിച്ചിട്ടുണ്ട്.
പട്ടികയില്‍ മോദിയല്ലാതെ മറ്റൊരു ഇന്ത്യന്‍ എന്നുള്ളത് റിലയന്‍സിന്റെ ചെയര്മാന് മുകേഷ് അംബാനിയാണ്. അദ്ദേഹം 40ാം സ്ഥാനത്താണുള്ളത്.
ധാരാളം ആള്‍ക്കാരുടെ മേല്‍ അധികാരമുണ്ടോ, സാമ്പത്തിക സ്രോതസ്സിന്റെ വലിപ്പം എത്രയാണ്, വിവധ മേഖലകളില്‍ അധികാരമുണ്ടോ, അധികാരം ഉപയോഗിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങള്‍ നോക്കിയാണ് പട്ടിക രൂപപ്പെടുത്തിയിട്ടുള്ളത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങാണ്. കഴിഞ്ഞ കൊല്ലം വരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനായിരുന്നു. അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷീ ജിന്‍പിങ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. മാവോ സെതുങിന് ശേഷം ഇത്രയധികം അംഗീകാരം ലഭിച്ച മറ്റൊരു നേതാവ് ചൈനയിലുണ്ടായിട്ടില്ലായെന്ന് മാഗസിനില്‍ പറയുന്നു. ചൈനീസ് ചൈനീസ് ഭരണഘടനയില്‍ മാറ്റം വരുത്തി ഷീ ജിന്‍പിങിനെ ആജീവനാന്തകാലത്തേക്ക് പ്രസഡിന്റാക്കിയ നീക്കത്തെപ്പറ്റിയും മാഗസിനില്‍ പറയുന്നുണ്ട്.
സോവിയറ്റ് യൂണിയന് തകര്‍ന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതാണ് വ്ലാഡിമിര്‍ പുടിന്. അദ്ദേഹമാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തിയുടെയും സാമ്പത്തിക ശക്തിയുടെയും നേതാവാണ് ട്രംപെന്ന് മാഗസിനില്‍ പറയുന്നു. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലാണ്. അഞ്ചാം സ്ഥാനത്ത് ആമസോണിന്റെ ചീഫ് ജെഫ് ബെസോസാണ്. ആറാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും ഏഴാം സ്ഥാനത്ത് ബില്‍ ഗേറ്റ്സുമാണുള്ളത്.
Discussion about this post