ഡല്‍ഹി: നാശം വിതച്ച് ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും പേമാരിയും. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ബിഹാര്‍, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പ്രകൃതിക്ഷോഭം നാശം വിതച്ചത്.
. പൊടിക്കാറ്റിലും പേമാരിയിലും ഇടിമിന്നലിലുമായി നിരവധി പേര് മരിച്ചു. പശ്ചിമ ബംഗാള്‍-9, തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമായി ഒന്‍പത്, ഉത്തര്‍പ്രദേശ്-8, ഡല്‍ഹി-2 എന്നിങ്ങനെയാണ് മരിച്ചവരുടെ ലഭ്യമാകുന്ന കണക്കുകള്‍. പേമാരിയിലും കൊടുങ്കാറ്റിലും നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതല്‍ നാശം വിതച്ചത്. തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡല്‍ഹിയില്‍ മരങ്ങള്‍ കടപുഴകിയത് കാരണം ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള 70 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
50-70 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. മെട്രോ സര്‍വീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളില്‍ സര്‍വീസുകള്‍ അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്.
Discussion about this post