കൊല്‍ക്കത്ത: പാവപ്പെട്ട ജനവിഭാഗങ്ങളെ ലക്ഷ്യംവച്ച് മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു പെന്ഷന്, രണ്ട് ഇന്‍ഷുറന്‍സ് എന്നതാണ് പ്രധാനമന്ത്രിയുടെ മെഗാ സാമൂഹിക സുരക്ഷാ പദ്ധതിയുടെ കാതല്‍. പ്രതിദിനം ഒരു രൂപയില്‍ കുറവുള്ള പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകട, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നല്‍കുന്നതാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന(പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന(പിഎംഎസ്ബിവൈ) എന്നിവ. കുറഞ്ഞ നിക്ഷേപത്തില്‍ ആയുഷ്കാല പെന്ഷന് നല്‍കുന്നതാണ് അടല്‍ പെന്ഷന് യോജന(എപിവൈ) പദ്ധതി.
പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച അതേ സമയത്ത് രാജ്യത്തിന്റെ 115 കേന്ദ്രങ്ങളിലും ഇവയ്ക്കു തുടക്കം കുറിച്ചു. മൂന്നു പദ്ധതികളും ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. രാജ്യത്തെ 90% ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ പെന്‍ഷനോ ഇല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുത്തു.
ജനധന പദ്ധതിയിലെ 15 കോടി അക്കൗണ്ടുകളില്‍ നാലു മാസത്തിനുള്ളില്‍ 15800 കോടി രൂപ നിക്ഷേപം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പാചക വാതക സബ്സിഡി നേരിട്ട് ബാങ്കുകള്‍ വഴി കൊടുക്കാന്‍ തുടങ്ങിയതോടെ കോടികളുടെ കള്ളക്കളികള്‍ തടയാനായി. വലിയ വ്യവസായ സംരംഭങ്ങളാണ് കൂടുതല്‍ ജോലി നല്‍കുന്നത് എന്ന വിശ്വാസം തെറ്റാണ്. അഞ്ചര കോടി ചെറുകിട, മധ്യ നിര വ്യവസായങ്ങള്‍ 14 കോടിയിലധികം ജനങ്ങള്‍ക്ക് ജോലി നല്‍കുന്നുണ്ട്. നാം എന്തെല്ലാം നേടിയാലും അതിന്റെ ഗുണഫലങ്ങള്‍ പാവപ്പെട്ടവരില്‍ എത്തുന്നില്ലെങ്കില്‍ വികസനത്തിലേക്കുള്ള യാത്ര അപൂര്‍ണമാകുമെന്നും മോദി പറഞ്ഞു.
Discussion about this post