കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിന് ലീറ്ററിനു 32 പൈസയും ഡീസലിനും ലീറ്ററിനു 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.64 രൂപയും ഡീസലിന് 71.68 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി.
വരുംദിനങ്ങളിലും വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുരൂപ വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങള്‍.
മുംബെയില്‍ പെട്രോള്‍ വില ലിറ്ററിന് 83.45 രൂപയിലെത്തി. 83.62 രൂപയാണു മുംബെയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ വില. ഹെദരാബാദില്‍ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയിലെത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും (81.19 രൂപ) പഞ്ചാബിലെ ജലന്ധറിലും (80.84 രൂപ) ബിഹാറിലെ പാറ്റ്നയിലും (81.10 രൂപ) ജമ്മു കശ്മീരിലെ ശ്രീനഗറിലും (80.05) പെട്രോള്‍ വില 80 കടന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.61 രൂപയായി. കൊല്‍ക്കത്തയില്‍ 78.29 രൂപയും ചൈന്നെയില്‍ 78.46 രൂപയിലുമെത്തി.
ബംഗളുരുവില്‍ പെട്രോള്‍ വില ലിറ്ററിന് 76.83 രൂപയാണ്. ഡീസല്‍ വിലയിലും വര്‍ധനയുണ്ടായി. ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 67.08 ലിറ്ററായി. മുംെബെയില്‍ ലിറ്ററിന് 71.42 രൂപയും ചൈന്നെയില്‍ 70.80 രൂപയുമായി. വില ഉയര്‍ന്നിട്ടും നികുതി കുറക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി നികുതി കുറക്കണമെന്ന ആവസ്യം ഉയര്‍്ന്നിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങള്‍ ഇതിന് എതിരാണ്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചെങ്കിലും വില വര്ധനവിനനുപാതികമായി നികുതി ഉയര്‍ത്തുകയാണ് കേരളം. കേന്ദ്രം നികുതി കുറക്കട്ടെ തങ്ങളില്ല എന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്. ജനങ്ങളുടെ ബുദ്ധമിമുട്ട് പരിഗണിക്കാതെ കേന്ദ്രത്തെ പഴിക്കുന്നത് ശരിയല്ലെന്നാണ് കേരള സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം.
Discussion about this post