കോഴിക്കോട്ട് പടരുന്ന നിപ പനിയുടെ പശ്ചാത്തലത്തില്‍ രോഗം പകരുന്നത് എവിടെ നിന്നെന്ന കണ്ടെത്താന്‍ കഴിയാതെ ആരോഗ്യകേന്ദ്രങ്ങള്‍ വിയര്‍ക്കുകയാണ്. രോഗകാരണമെന്തെന്ന് പറയാനും ആരോഗ്യരംഗത്തുള്ളവര്‍ക്ക് കഴിയുന്നില്ല. ഇതിനിടെയാണ് നിപ വൈറസിനെ പറ്റിയുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.
നിപ വൈറസ് പകര്‍ച്ചവ്യാധിയെപ്പറ്റിയുള്ള ലോകാരോഗ്യസംഘടനയുടെ ഫാക്ട് ഷീറ്റില്‍ ഈന്തപ്പനയില്‍ നിന്നെടുക്കുന്ന കള്ള് കുടിച്ചവര്‍ക്ക് വൈറസ് അണുബാധയുണ്ടായി എന്ന് വ്യക്തമാക്കുന്നു.
2011 മുതല്‍ 2014 വരെ ബംഗ്ളാദേശില്‍ ഉണ്ടായ നിപ വൈറസ് അണുബാധയും പകര്‍ച്ചവ്യാധിയും അന്വേഷിച്ച ആരോഗ്യവിദഗ്ധരായിരുന്നു ഇക്കാര്യം കണ്ടുപിടിച്ചത്. അണുബാധ ആദ്യം കണ്ടവരില്‍ എല്ലാവരും ഈന്തപ്പനയില്‍ നിന്നുണ്ടാക്കുന്ന കള്ള് കുടിച്ചവരായിരുന്നു എന്ന് വ്യക്തമായി. കൂടുതല്‍ അന്വേഷണത്തില്‍ ഈന്തപ്പന ചെത്തുന്നയിടത്തും കുടങ്ങളിലും നിപ വൈറസ് പരത്തുന്ന വവ്വാലിന്റെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ചെത്തുന്ന പനങ്കുലകളില്‍ നിന്ന് ഊറിവരുന്ന കള്ള് വവ്വാല് കുടിയ്ക്കുമ്പോള്‍ അതിന്റെ ഉമിനീരും മറ്റു ശരീരസ്രവങ്ങളും കള്ളുമായി കലരുന്നുണ്ടെന്നും വവ്വാലിന്റെ കാഷ്ഠവും മൂത്രവും കുടത്തില്‍ വീഴുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിരുന്നു. ഈ കള്ള് കുടിച്ചവര്‍ക്കാണ് അണുബാധയുണ്ടായതായി കണ്ടത്.
ഈന്തപ്പനയിലെ കള്ള് മാത്രമല്ല ഈന്തപ്പഴവും വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണ്.സൗദി അറേബ്യ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാം ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം ഈ രോഗം പരത്തുന്ന ടെറോപോഡീഡേ വിഭാഗത്തില്‍പ്പെടുന്ന വവ്വാലുകളുടെ ആവാസസ്ഥലമാണ് (Pteropodidae).ഈന്തപ്പഴം വിറ്റഴിയ്ക്കുന്നതിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ തലത്തിലുള്ള അന്വേഷണവും ഇടപെടലുകളും കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് കാര്യമായി ഉണ്ടായിട്ടില്ല.
ഈ രോഗം പകരുന്ന വിധങ്ങളെപ്പറ്റി ഇപ്പോഴും വിദഗ്ധര്‍ പൂര്‍ണ്ണമായും അറിവുള്ളവരല്ല. എല്ലാ സാദ്ധ്യതകളും പരിശോധിയ്ക്കപ്പെടേണ്ടതാണ്. ഈന്തപ്പനയില്‍ വരുന്ന വവ്വാലുകളും നിപ വൈറസ് അണുബാധയുമായുള്ള ബന്ധം ലോകാരോഗ്യസംഘടനയുടെ ഫാക്ട് ഷീറ്റില്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞിരിക്കേ എന്തുകൊണ്ടാണിതുവരെ ഈ ഒരു സാദ്ധ്യതയെപ്പറ്റി അന്വേഷിയ്ക്കാത്തതെന്ന് വിദഗ്ധര്‍ ചോദിയ്ക്കുന്നു.
ഈ അണുബാധ സ്വാഭാവികമായി പരത്തുന്നവയില്‍ ഒറു ജീവി (natural host ) വവ്വാലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലില്‍ നിന്ന് ഈ രോഗം ഏതെങ്കിലും രീതിയില്‍ പകര്‍ന്നാലേ പന്നികള്‍ക്ക് ഈ രോഗം മനുഷ്യരില്‍ പകര്‍ത്താനാവൂ. പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പകര്‍ന്നത് വളരെ ചുരുക്കം അവസരങ്ങളിലേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി എല്ലാ സമയത്തും വവ്വാലില്‍ നിന്ന് തന്നെയാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടുള്ളത്. വവ്വാല് കടിച്ച പഴങ്ങള്‍ മാത്രമല്ല. വവ്വാല്ക്കാഷ്ഠമോ മൂത്രമോ വീണ സ്ഥലത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ഏത് ഭക്ഷണവും പാകം ചെയ്യാതെ ഭക്ഷിച്ചാല്‍ അണുബാധയ്ക്ക് സാദ്ധ്യതയുണ്ട്. തോട്ടങ്ങളില്‍ വച്ച് മാത്രമല്ല ഈന്തപ്പഴം പോലെയുള്ള പഴങ്ങള്‍ കൂട്ടിയിടുന്ന ഗോഡൗണുകളിലും മറ്റും വവ്വാലിന്റെ സാന്നിദ്ധ്യം ഇല്ല എന്ന് പറയാനാവില്ല എന്നാണ് ജന്തുശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അവിടെ വച്ചും കാഷ്ഠമോ മൂത്രമോ പഴങ്ങളില്‍ വീഴാവുന്നതേ ഉള്ളൂ. സൗദി അറേബ്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് (Middle East Respiratory Syndrome Coronavirus) ബാധയും ഈന്തപ്പഴത്തോട്ടങ്ങളില് വന്ന വവ്വാലുകളില്‍ നിന്ന് മനുഷ്യനിലെത്തിയതാവാം എന്ന് മുന്‍പ് പഠനങ്ങള്‍ വന്നിട്ടുണ്ട്.
പുറമേ വവ്വാല് കടിച്ചതായി തോന്നിയില്ലെങ്കില്‍പ്പോലും മറ്റു പഴങ്ങള്‍ മിക്കതും തൊലികളഞ്ഞോ പാകം ചെയ്തോ ഒക്കെ കഴിയ്ക്കുമ്പോള്‍ ഈന്തപ്പഴം അത്തരത്തിലല്ല കഴിയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ സാദ്ധ്യതയെക്കുറിച്ച് ഇതുവരെ അന്വേഷിയ്ക്കാതിരിയ്ക്കുന്നത് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വലിയൊരു വീഴ്ചയാണെന്നു ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.
പന്നികളില്‍ നിന്നും ഈ രോഗം പകരുന്നതായി കണ്ടെത്തലുകളുണ്ട്.
റഫറന്‍സുകള്‍
നിപ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ ഫാക്ട് ഷീറ്റ്
2.https://www.infectiousdisease.cam.ac.uk/q-and-a/bats-and-disease-emergence
3.https://www.npr.org/sections/goatsandsoda/2016/03/22/470803523/disease-detectives-find-a-really-good-reason-not-to-drink-date-palm-wine
4. https://wwwnc.cdc.gov/eid/article/19/11/pdfs/13-1172.pdf
Discussion about this post