അമേരിക്ക ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ആര്‍എസ്എസ്. അന്തര്‍ദേശീയ എന്‍ജിഒകളായ ഗ്രീന്‍പീസിനും ഫോര്‍ഡ് ഫൗണ്ടേഷനും എതിരെ മോദി സര്‍ക്കാര്‍ എടുത്ത നിലപാടിനെ യുഎസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം. ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായതിനാലാണ് ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലാണ് യുഎസിനെതിരെ ആര്‍എസ്എസ് തുറന്നടിച്ചത്. അമേരിക്കയിലെ എന്‍ജിഒകള്‍ നിയമം ലംഘിച്ചാല്‍ യുഎസ് അത് അനുവദിച്ചുകൊടുക്കുമോ എന്നും ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തില്‍ ചോദിക്കുന്നു.
ഗ്രീന്‍പീസിനും ഫോര്‍ഡ് ഫൗണ്ടേഷനും വേണ്ടി വാദങ്ങളുമായി യുഎസ് രംഗത്തെത്തിയതോടെ അവ യുഎസ് ഏജന്‍സികള്‍ തന്നെയാണെന്നുള്ള വസ്തുത മറനീക്കി പുറത്തു വന്നിരിക്കുന്നു. ഇതിലുടെ ജനാധിപത്യ അവകാശങ്ങളുടെ ആഗോള സംരക്ഷകര്‍ എന്ന അമേരിക്കയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ലേഖനത്തില്‍ പറയുന്നു. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രണ്ടു എന്‍ജിഒകളുടേയും അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
Discussion about this post