ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി എ.കെ ഷാജിയാണ് ഹര്ജിക്കാരന്.
സജി ചെറിയാന് തന്റെ പേരിലുള്ള സ്വത്ത് വിവരം മറച്ചുവച്ച് അപൂര്‍ണ്ണമായ സത്യവാങ്മൂലമാണ് നല്‍കിയത്. ആ നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി തെറ്റാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് അനുസരിച്ച് വരണാധികാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും, സജി ചെറിയാനെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിന്നീട് പരിഗണിക്കും.
നേരത്തെ യഥാര്‍ത്ഥ സ്വത്ത് വിവരം സജി ചെറിയാന് സമര്‍പ്പിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി പ്രതിനിധികള്‍ വരണാധികാരിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള സ്വത്തല്ല, ട്രസ്റ്റിന്റെ പേരിലുള്ള സ്വത്താണ് രേഖപ്പെടുത്താതെയുള്ളത് എന്നായിരുന്നു സജി ചെറിയാന്റെ വാദം. എന്നാല്‍ ഈ വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് എതിര് കക്ഷികള്‍ പറയുന്നത്.
നാമനിര്‍ദ്ദേശ പത്രി സ്വീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും സജി ചെറിയാന്റെയും പേരിലുള്ള സ്വത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കോടിയേരി അംഗമല്ലാത്ത ട്രസ്റ്റില്‍ അദ്ദേഹത്തിന്റെ പേരില്‍ എങ്ങനെ സ്വത്ത് വാങ്ങാനാവുമെന്ന ചോദ്യവും ഉയര്‍ന്നു.
നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരികളുടെ നടപടി അന്തിമമല്ലെന്ന് ബിജെപി കേന്ദ്രങ്ങളും വ്യക്തമാക്കിയിരുന്നു
Discussion about this post