എറണാകുളം: കേരള ജനതയുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തുന്നു. ഹാപ്പി കേരളം എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. എല്ലാവരുടെയും സുഖവും സന്തോഷവും ഉറപ്പുവരുത്താൻ സംസ്ഥാനത്ത് കുടുംബശ്രീ ഹാപ്പിനസ് സെന്ററുകൾ ആരംഭിക്കും.
ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങൾ ആക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ 14 പഞ്ചായത്തുകളിൽ ആണ് ഹാപ്പിനസ് സെന്ററുകൾ സ്ഥാപിക്കുന്നത്. ഈ സെന്ററുകളുടെ പ്രവർത്തനം വിജയകരമാകുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലേക്കും സെന്ററുകൾ വ്യാപിപ്പിക്കും.
കുടുംബശ്രീയുടെ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്എൻഎച്ച് ഡബ്ല്യൂ പ്രവർത്തനത്തനത്തോട് അനുബന്ധിച്ചാണ് ഹപ്പി കേരളം എന്ന ആശയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 168 മാതൃകാ സിഡിഎസുകളിൽ ഓഗസ്റ്റ് 17 ന് പദ്ധതി ആരംഭിക്കും.
ഓരോ കുടുംബത്തിന്റെയും സമഗ്രക്ഷേമം ഉറപ്പാക്കുകയാണ് ഹാപ്പിനസ് സെന്ററുകളുടെ ലക്ഷ്യം. അത് കേരളത്തിന്റെ ഹാപ്പിനസ് ഇൻഡക്‌സിൽ മാറ്റം വരുത്തുകയും, കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. സർവ്വേ നടത്തിയും, സന്തോഷ സൂചിക തയ്യാറാക്കിയുമാകും സെന്ററുകളുടെ പ്രവർത്തനങ്ങൾ. ഈ സൂചിക വിശകലനം ചെയ്ത് ആവശ്യമായ കുടുംബങ്ങൾക്ക് പിന്തുണ നൽകും. ഇതിനായി സർക്കാർ, സർക്കാർ ഇതര ഏജൻസികളുടെ സഹായം ലഭ്യമാക്കും.
Discussion about this post