ന്യൂഡൽഹി: കൃത്യം പത്ത് വർഷത്തിന് ശേഷം ലോക്‌സഭയ്ക്ക് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കുകയാണ്.18ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു.പാർട്ടി തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചതോടെ ഇക്കാര്യം അറിയിച്ച് പ്രോ ടെം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.പ്രതിപക്ഷ പാർട്ടിയാകാൻ ലോക്‌സഭയിൽ 54 അംഗങ്ങളുണ്ടാകണം. 2014 ന് ശേഷം രാജ്യത്ത് പ്രതിപക്ഷ പാർട്ടിയാകാൻ ഒരു പാർട്ടിക്കും അംഗത്വമുണ്ടായിരുന്നില്ല. ഇത്തവണ 99 സീറ്റ് നേടിയാണ് കോൺഗ്രസ് പ്രതിപക്ഷ പാർട്ടിയാകാനുള്ള യോഗ്യത നേടിയത്.
പാർലമെന്റിന്റെ ഓരോ സഭയിലും , അതായത് രാജ്യസഭയിലും ലോക്‌സഭയിലും ഒരു പ്രതിപക്ഷ നേതാവ് ഉണ്ട്. പ്രതിപക്ഷത്തെ നയിക്കുകയും ഭരണകക്ഷിക്ക് ശേഷം ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടികളുടെ ഏറ്റവും വലിയ പാർട്ടിയുടെ അല്ലെങ്കിൽ സഖ്യത്തിന്റെ പാർലമെന്ററി ചെയർപേഴ്‌സണായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പാർലമെന്റ് അംഗമാണ് (എംപി).രണ്ടോ അതിലധികമോ പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ അംഗസംഖ്യയുണ്ടെങ്കിൽ, കൗൺസിൽ ഓഫ് സ്‌റ്റേറ്റ്‌സ് ചെയർമാനോ ഹൗസ് ഓഫ് പീപ്പിൾ സ്പീക്കറോ ഒരു പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കും. ഈ തീരുമാനം അന്തിമമാണ്. ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിപക്ഷ നേതാവിനെ ‘ ഷാഡോ പ്രധാനമന്ത്രി’ എന്നാണ് വിളിക്കുന്നത് .
ഇത്രയും പ്രധാനപ്പെട്ട ഒരു പദവിയാണെങ്കിലും, പ്രതിപക്ഷ നേതാവ് എന്നത് ഭരണഘടനയിലോ ലോക്‌സഭാ നടപടിക്രമങ്ങളിലോ എവിടെയും നിർവചിക്കപ്പെട്ടിട്ടില്ല .ഇന്ത്യയുടെ ആദ്യ സ്പീക്കറായ ജിവി മാവ്‌ലങ്കർ ആരംഭിച്ച കൺവെൻഷനെ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷ നേതാവ് പദവിയുടെ അംഗീകാരം, ഇത് മാവ്‌ലങ്കർ റൂൾ എന്നും അറിയപ്പെടുന്നു .
ചരിത്രപരമായി, പാർലമെന്റിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യത്തെ പ്രതിപക്ഷ പാർട്ടി ശക്തമായ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പിളർപ്പിൽ നിന്നാണ് വന്നത്. 1969ൽ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ , കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (R), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (O) എന്നിങ്ങനെ വിഭജിക്കപ്പെട്ടു. INC(O) നേതാവ് രാം സുഭാഗ് സിംഗ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന ആദ്യ വ്യക്തിയായി. 1977 വരെ, പ്രതിപക്ഷനേതാവിന് ശമ്പളമോ ആനുകൂല്യങ്ങളോ നൽകിയിരുന്നില്ല.
പ്രതിപക്ഷ നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ
സി.ബി.ഐ ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമ്മീഷണർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ലോകയുക്ത ചെയർപേഴ്‌സൻ. മനുഷ്യാവകാശ കമീഷണൻ അംഗങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയവരെയെല്ലാം തെരഞ്ഞെടുക്കുന്ന സമിതികളിൽ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാവും.
കാബിനറ്റ് പദവിയുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും. സൗജന്യ വിമാനയാത്ര, ട്രെയിൻ യാത്ര, ഔദ്യോഗിക കാർ തുടങ്ങിയ സൗകര്യങ്ങളെല്ലാം പ്രതിപക്ഷ നേതാവിനും ലഭിക്കും.1954ലെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ ആക്ടിന്റെ സെക്ഷൻ 3ൽ വ്യക്തമാക്കിയിരിക്കുന്ന പ്രകാരം പ്രതിദിന അലവൻസുകളോടൊപ്പം ഓരോ പ്രതിപക്ഷ നേതാവിനും പ്രതിമാസ ശമ്പളം 1 ലക്ഷം ലഭിക്കും.പാർലമെന്റ് അംഗങ്ങളെ സംബന്ധിച്ച് നിയമത്തിലെ സെക്ഷൻ 8ൽ നൽകിയിരിക്കുന്ന മണ്ഡല അലവൻസും അവർക്ക് ലഭിക്കും
പ്രതിപക്ഷ നേതാവിന് സർക്കാർ നൽകുന്ന വീട്ടിൽ വാടകയില്ലാതെ സ്ഥാനത്തിരിക്കുമ്പോഴും സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരു മാസവും താമസിക്കാം. വീടിന്റെ അറ്റകുറ്റപ്പണിയും സൗജന്യമാണ്.
പ്രതിപക്ഷ നേതാവ് മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു മാസം വാടക നൽകാതെ വീട്ടിൽ കഴിയാം. ഒരു മാസത്തിനുശേഷം, വാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സർക്കാർ നിരക്കുകൾ അവർ നൽകണം.
Discussion about this post