തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്ക് ഇന്ന് 66ാം പിറന്നാൾ. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകളേകി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർലമെന്റിലാണ് അദ്ദേഹം പിറന്നാൾ ദിവസം ചെലവഴിക്കുന്നത്.പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്. അച്ഛന്റെയും അമ്മയുടെയും മകന്റെ, ഭാര്യയുടെ ഭർത്താവിന്റെ, മക്കളുടെ അച്ഛന്റെ, ബന്ധുക്കളുടെ, കലാകാരൻ എന്ന നിലയിൽ ലോകത്തിലെ എല്ലാം ഇഷ്ടക്കാരുടെ ആഘോഷമാണിത്. അത്രേയുള്ളൂ’ എന്നാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്നല്ല ആഘോഷിക്കേണ്ടതെന്നും അത് നക്ഷത്ര ദിനത്തിലാണെന്നും താരം പറയുന്നു. ജനങ്ങൾക്ക് അറിയുന്ന തീയ്യതി ഇതായത് കൊണ്ട് അവരുടെ ആഘോഷം താൻ ആദരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പിറന്നാളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച ആഘോഷങ്ങൾ ഒന്നുമില്ലെന്നും അതൊക്കെ വ്യക്തിജീവിതത്തിലെ കാര്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചർത്തു. ഒരു കലാകാരൻ ആയതുകൊണ്ട് കലാലോകത്തിന്റെയും പ്രേക്ഷകരുടെയും ഇഷ്ടക്കാരുടെയും അവകാശമാണെന്നും അത് അവര്‍ ആഘോഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവർ സഹോദരങ്ങൾ. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1984ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986ൽ രാജാവിന്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി.
1980കളുടെ അവസാനത്തിൽ ജനുവരി ഒരു ഓർമ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കൻമാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപനായകനായും വേഷമിട്ടു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.
1990കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം 1992ൽ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. ഷാജി കൈലാസ് രഞ്ജി പണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി.
പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300ഓളം സിനിമകളിൽ അഭിനയിച്ചു
Discussion about this post