തൂത്തുക്കുടി; മലിനീകരണത്തിലൂടെ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് മൂന്ന് മാസത്തോളമായി തുടരുന്ന സമരം അക്രമാസക്തമായി. സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കലാപത്തെ തുടര്‍ന്ന് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൂത്തുക്കുടി പട്ടണത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ സമരമാണ് ഇന്ന് അക്രമാസക്തമായത്.
#WATCH Protest held in Tuticorin demanding ban on Sterlite Industries, in wake of the pollution created by them #TamilNadu pic.twitter.com/23FWdj1do5
— ANI (@ANI) May 22, 2018
ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് വന്‍ പിന്തുണ ലഭിച്ചിരുന്നു. വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് വിദ്യാര്‍ഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സന്നദ്ധ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് താരങ്ങളായ രജനികാന്തും കമല്‍ഹാസനും രംഗത്ത് വന്നിരുന്നു.
കമ്പനി മലിനീകരണം വരുത്തുന്നതായി തെളിഞ്ഞാല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നു ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, പ്ലാന്റ് മൂലമുള്ള പരിസ്ഥിതി ആഘാതം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും പ്ലാന്റ് വികസിപ്പിക്കുന്നതു സംബന്ധിച്ചു നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം കൂടുമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പയ്യനും വ്യക്തമാക്കി.
സ്റ്റെര്‍ലൈറ്റ് കമ്പനി; ലക്ഷ്യം ചെമ്പു ഖനനം.
ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ).
ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ട് ഘടകങ്ങള്‍, ഇലക്ട്രിക് വയറുകളില്‍ ഉപയോഗിക്കുന്ന ചെമ്പ് നാരുകള്‍, ട്രാന്‍സ്ഫോമറുകളില്‍ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങള്‍ എന്നിവയാണു കമ്പനിയുടെ പ്രധാന ഉല്പന്നങ്ങള്. ബോക്സൈറ്റ്, അലുമിനിയം കണ്ടക്ടറുകള്‍, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സള്‍ഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, ഫോസ്ഫോ ജിപ്സം, എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉല്പാദിപ്പിക്കുന്നു.
കമ്പനിയുടെ കീഴില്‍ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്ലാന്റുകളില്‍നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി പ്രദേശവാസികള്‍ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു.
Discussion about this post