ചെങ്ങന്നൂരില്‍ സമദൂരമെന്ന നിലപാട് പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേതാക്കള്‍ക്കൊപ്പം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെന്ന് കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. എസ്എന്‍ഡിപി മുന്‍ നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് കോടിയേരി പറഞ്ഞു. സിപിഎം കേന്ദ്രകമ്മറ്റിയംഗം എവി ഗോവിന്ദന് ഉള്‍പ്പടെയുള്ള നേതാക്കളുമായാണ് കോടിയേരി വെള്ളാപ്പള്ളിയെ കാണാനെത്തിയത്.
എന്നാല്‍ ആദ്യം വന്ന് കണ്ടത കൊണ്ടൊന്നും പ്രത്യേക പരിഗണനയില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കൂട്ടത്തില്‍ കൂടെയുണ്ടായിരുന്ന എംവി ഗോവിന്ദന് ഒരു കൊട്ടു കൊടുക്കാനും വെള്ളാപ്പള്ളി മറന്നില്ല. ”കോടിയേരി വന്നതിലല്ല, എംവി ഗോവിന്ദന് വന്നതിലാണ് സന്തോഷം, എവി ഗോവിന്ദന് ഇടയ്ക്കിടെ ബിഡിജെഎസിന് കുത്താറുണ്ട്. ഇത് മാറ്റിവച്ചാണ് വന്നതെങ്കില്‍ സന്തോഷം”- എന്നിങ്ങനെയായിരുന്നു വെള്ളാപ്പള്ളിയുടെ കുത്തുവാക്ക്.
ചാനല്‍ ചര്‍ച്ചകളില്‍ ബിഡിജെഎസിനെ കൂടെ കൂട്ടില്ലെന്ന് എവി ഗോവിന്ദന് പറഞ്ഞതിനെതിരെ നേരത്ത വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സജി ചെറിയാനെ ജയിപ്പിക്കാന്‍ ഇവര്‍ക്കൊന്നും താല്പര്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ തിരിച്ചടി.
നേരത്തെ മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നയത്തിനെതിരെയും വെള്ളാപ്പളളി രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് സവര്‍ണ ചിന്താഗതിയെന്നായിരുന്നു വിമര്‍ശനം.
മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് എസ്എന്‍ഡിപി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി. എസ്എന്‍ഡിപി നിലപാട് കോണ്‍ഗ്രസിന് അനുകൂലമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രതികരണം.
Discussion about this post