ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ നാളെ നടക്കും. 76.27 ആണ് അന്തിമ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. നാളെ രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
കഴിഞ്ഞ തവണത്തെ നേട്ടം പഴങ്കഥയായി 48,000 മുതല്‍ 55,000 വരെ വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിക്കും. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് നേടിയ വോട്ടുകള്‍ കൂടാതെയാണിതെന്നും എന്‍.ഡി.എ. കമ്മിറ്റി കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കക്ഷിയായി ബി.ജെ.പി. മാറും. ഭൂരിപക്ഷത്തിന്റെ കണക്കുകളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എല്‍.ഡി.എഫ്. – യു.ഡി.എഫ്. രഹസ്യധാരണ പലയിടത്തും ഉണ്ടായിരുന്നുവെന്നാണ് എന്‍.ഡി.എ. കണക്കുകൂട്ടുന്നത്. ഉച്ചയ്ക്കുശേഷം പലയിടത്തും യു.ഡി.എഫ്. സജീവമല്ലായിരുന്നു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച മാണി വിഭാഗത്തിലെ പലരും എല്‍.ഡി.എഫ്. ക്യാമ്പില്‍ സജീവമായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പോളിങ് ശതമാനം വര്‍ധിച്ചത് യു.ഡി.എഫിന് അനുകൂലമാവുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എബി കുര്യാക്കോസ് പറയുന്നു. യു.ഡി.എഫ്. ജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹം പങ്ക് വയ്ക്കുന്നത്.
എന്‍.ഡി.എ.- യു.ഡി.എഫ്. മുന്നണിയില്‍പ്പെട്ടവര്‍ വികസനത്തുടര്‍ച്ചക്കായി സജി ചെറിയാന് വോട്ടു ചെയ്തിട്ടുണ്ടെന്ന് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപ്പണിക്കര്‍ പറഞ്ഞു. അക്കാരണത്താല്‍ 70,000 മുതല്‍ 75,000 വരെ വോട്ടു എല്‍.ഡി.എഫ്. പിടിക്കുമെന്നും വിശ്വംഭരപ്പണിക്കര്‍ പറയുന്നു.
Discussion about this post