പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമം തടയല്‍) ആക്ടും സംവരണവും ബി.ജെ.പി അധികാരത്തിലിരിക്കുന്നിടത്തോളം കാലം തുടരും. അടുത്തിടെയായി കോണ്‍ഗ്രസ് പല തരത്തിലുള്ള കള്ളത്തരങ്ങളും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ബി.ജെ.പി സര്‍ക്കാര്‍ എസ്.എസി /എസ്.ടി ആക്ട് എടുത്തുകളഞ്ഞതായും സംവരണം ഇല്ലാതാക്കിയതായും അവര്‍ പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്‍ ആ വിഷയത്തില്‍ ഒരു വ്യക്തതയ്ക്ക് വേണ്ടിയാണ് ഞാന്‍ ഇതുപറയുന്നത്.
എസ്.സി /എസ്.ടി ആക്ടും സംവരണവും ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം കാലം തുടരും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട’- ചണ്ഡീഗഡില്‍ നടത്തിയ റാലിയില്‍ അമിത് ഷാ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 65 സീറ്റ് നേടി വിജയിക്കുമെന്ന ആത്മവിശ്വാസവും ഷാ പ്രകടിപ്പിച്ചു.
‘രാഹുല്‍ബാബാ, നിങ്ങളെന്തിനാണ് ഞങ്ങളുടെ നാല് വര്‍ഷത്തെ അക്കൗണ്ട് ചോദിക്കുന്നത്. നിങ്ങള്‍ക്ക് ഒരു അക്കൗണ്ടും തരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പിന്നെ ഇവിടുത്തെ ജനങ്ങളുടെ ഓരോ പൈസയും ഞങ്ങള്‍ അവരുടെ കൈയില്‍ എത്തിച്ചിട്ടുണ്ട്. – അമിത് ഷാ പറഞ്ഞു.
55 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഇവിടെ എന്ത് വികസനമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് രാഹുല്‍ ജനങ്ങളോട് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും കര്‍ഷകര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഓരോ വേനല്‍ അവധിക്കാലം വരുമ്പോഴും രാഹുല്‍ യൂറോപ്പിലേക്കും ഇറ്റലിയിലേക്കും ഓടും. ഇനി ഇവിടെയെത്തി വോട്ട് ചോദിക്കുമ്പോള്‍ അവരുടെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ കുറിച്ച് നിങ്ങള്‍ ചോദിക്കണമെന്നും അമിത് ഷാ പറയുന്നു.
രാഹുല്‍ ഗാന്ധി ബി.ജെ.പിക്ക് ഒരു ഭീഷണിയാണോ എന്ന ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തില്‍ ആരും ആര്‍ക്കും ഭീഷണിയല്ല എന്നായിരുന്നു അമിത് ഷായുടെ മറുപടി.
Discussion about this post