(സ്പര്ശമണി) ജി.കെ. സുരേഷ്ബാബു |
അട്ടപ്പാടിക്കു പിന്നാലെ വയനാട്ടിലും ആദിവാസി കുഞ്ഞുങ്ങള്‍ക്ക് പട്ടിണിമരണം. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍പോലും ആദിവാസികള്‍ക്കുവേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച പണം അവര്‍ക്ക് നേരിട്ട് കൊടുത്തിരുന്നെങ്കില്‍ ആളൊന്നുക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപാവീതം കിട്ടുമായിരുന്നു എന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്.
കൊടുംകാടിന്റെ നടുവില്‍ പോലും കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊള്ളയടിക്കാന്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കാനാണ് പട്ടികജാതിപട്ടികവര്ഗ്ഗക്ഷേമ വകുപ്പ് ശ്രമിച്ചത്. ഉപരിപ്ലവകരമായ പ്രസ്താവനകള്‍ക്കും വാചാടോപങ്ങള്‍ക്കും പകരം അവരുടെ ജീവിതസാഹചര്യത്തിനും പരിസ്ഥിതിക്കും ഒക്കെയിണങ്ങുന്ന പാര്പ്പിടസൗകര്യങ്ങള് ഒരുക്കാനായില്ല. കാടിന്റെ മടിത്തട്ടില്‍ പരമ്പരാഗത രീതിക്കനുസരിച്ച് പരിസ്ഥിതിക്ക് അനുസൃതമായി പാര്‍പ്പിടങ്ങളോ അതിനുവേണ്ട സൗകര്യങ്ങളോ ഒരുക്കിയിരുന്നെങ്കില്‍ അത് അവര്‍ക്ക് ഉപകാരപ്രദമായേനെ. മുഴുവന്‍ ആദിവാസികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഓരോ ഊരുകള്‍ക്കും ക്ഷേമസംഘങ്ങളോ സഹകരണസംഘങ്ങളോ ഉണ്ടാക്കിയിരുന്നെങ്കില്‍ അവരുടെ പരമ്പരാഗതമായ രീതിയില്‍ അവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമായിരുന്നു.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയം അതിജീവനത്തിന്റെ തന്ത്രമെന്ന നിലയില്‍ ആദിവാസികളുടെ ഭൂമി സ്വന്തമാക്കുകയും അവരുടെ ജീവിതത്തെ തകര്‍ത്തെറിയുകയുമാണ് ചെയ്തത്. വനവാസി കല്യാണാശ്രമം മുതല്‍ ഡോ. നല്ലതമ്പി തേര വരെ പലരും ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് അവരുടെ ഭൂമി വീണ്ടെടുക്കാന്‍ കോടതി കയറി. ആദിവാസികളുടെ പേര് പറഞ്ഞ് നാഴികയ്ക്ക് നാല്പതു തവണ ആണയിടുന്ന സി.കെ. ജാനുവും ഗീതാനന്ദനും അടക്കമുളളവര്‍ എന്തുകൊണ്ടാണ് കൈയേറ്റക്കാരുടെ കൈയില്‍നിന്ന് ആദിവാസികളുടെ ഭൂമി വീണ്ടെടുക്കാന്‍ ശ്രമിക്കാത്തത്. സി.പി.എം നേതൃത്വത്തില്‍ രൂപീകരിച്ച ആദിവാസി മഹാസഭ എവിടെ? തിരഞ്ഞെടുപ്പുകാലത്ത് മാത്രം ഉണ്ടാകുന്ന ആദിവാസി പ്രേമവുമായി അവര്‍ വീണ്ടും എത്താന്‍ തിരഞ്ഞെടുപ്പ് വരണം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതീതമായി അദിവാസിഭൂമി വീണ്ടെടുക്കാന്‍ സത്യസന്ധമായ സമരം നടത്താന്‍ സി.പി.എമ്മിന് കഴിയുമോ? സുപ്രീംകോടതി ആദിവാസി ഭൂമി വീണ്ടെടുത്ത് നല്കാന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടും ക്രമസമാധാനത്തിന്റെ പേരില്‍ അത് നടപ്പിലാക്കാത്തത് മാണിയെയും ജോസഫിനെയും മാത്രമല്ല, കേരളത്തിലെ പളളിക്കാരെയും പാതിരിമാരെയും പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
മതപരിവര്‍ത്തനത്തോടൊപ്പം ആദിവാസി ഊരുകളില്‍ ക്രൈസ്തവസഭകളുടെ തേരോട്ടമാണ് ഇന്നു നടക്കുന്നത്. മതപരിവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ മദ്യം നല്കി ജീവിതം തകര്‍ക്കുന്ന അവസ്ഥയാണ് ഇന്നുളളത്. ഒരു കഷണം പുകയിലയ്ക്കും ഒരു കുപ്പി കള്ളിനും വേണ്ടി ആദിവാസികളുടെ ഭൂമിയും സ്വത്തും മാത്രമല്ല, സഹസ്രാബ്ദങ്ങളായി പരിശുദ്ധമായി കാത്തുസൂക്ഷിച്ചിരുന്ന ഗോത്രസ്ത്രീകളുടെ വിശുദ്ധി പോലും ഇവര്‍ കവര്‍ന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ചപോലും മാനന്തവാടിയില്‍ നടന്ന ആദിവാസി കുഞ്ഞുങ്ങളുടെ പീഡനം അവരുടെ അനാഥത്വവും ദൈന്യതയുമാണ് വരച്ചുകാട്ടുന്നത്. ഒരു പോലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് ഈ പ്രശ്നങ്ങള്‍ തീരുന്നില്ല. ആത്മാര്‍ത്ഥതയോടെ സത്യസന്ധതയോടെ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ആര്‍ജ്ജവം സംസ്ഥാനസര്‍ക്കാരിന് ഉണ്ടാവണം. ആദിവാസിഭൂമിയ്ക്കു പകരം ഏതെങ്കിലും ക്രൈസ്തവമുസ്ലീം പ്രമാണിമാരുടെ ഭൂമിയായിരുന്നെങ്കില്‍ ക്രമസമാധാനപ്രശ്നം പറഞ്ഞ് തലയൂരാനും സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമായിരുന്നോ?
അട്ടപ്പാടിയില്‍ മാത്രമല്ല, വയനാട്ടിലും തിരുവനന്തപുരത്തെ കോട്ടൂരിലും ഷോളയാറിലും ആനപ്പാന്തത്തും ഒക്കെത്തന്നെ ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ, മതിയായ ഭക്ഷണമില്ലാതെ, വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ നല്കുന്ന പണം കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങിയ ഒരു റാക്കറ്റ് കട്ടുമുടിക്കുകയാണ്. പൂര്‍ത്തിയാകാത്ത, പണിതീരാത്ത വീടുകളും വീണു മരിക്കുന്ന ആദിവാസികളും 100 ശതമാനം സാക്ഷരത നേടിയ കേരളത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ഇവരെ മുഖ്യധാരാ സമൂഹത്തിനോടൊപ്പം പോറ്റാനുളള ബാധ്യത ഭരണഘടനാപരമായിത്തന്നെ സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമല്ലേ? എവിടെയാണ് പിഴച്ചത്? ആരാണ് കളളന്മാര്? സ്വാതന്ത്ര്യം നേടി 68 വര്‍ഷം പിന്നിടുമ്പോഴും കോടികള്‍ ചെലവഴിച്ചിട്ടും കുമ്പിളില്‍ കഞ്ഞിപോലും ഇല്ലാത്ത ആദിവാസികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നവരെ പുറത്തു കൊണ്ടുവരാന്‍ ഭരണകൂടങ്ങള്‍ക്ക് എന്താണ് പ്രശ്നം?
സംസ്ഥാനസര്‍ക്കാരുകള്‍ അവഗണനയുടെയും അനാസ്ഥയുടെയും ക്രൂരമുഖം ആദിവാസികള്‍ക്കു നേരെ തിരിക്കുമ്പോള്‍ അവരെ ചൂഷണം ചെയ്യാനും സര്‍ക്കാരിനെതിരെ സായുധപോരാട്ടത്തിന് പ്രേരിപ്പിക്കാനും മാവോവാദികളുടെ സംഘങ്ങള്‍ ഊരുകളില്‍ സൈ്വരവിഹാരം നടത്തുന്നു. 70 കളിലെ പൊലിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കങ്ങളുടെ പ്രതിധ്വനികള്‍ വീണ്ടും മുഴങ്ങാന്‍ കാരണം മാറിമാറി വന്ന സംസ്ഥാനസര്‍ക്കാരുകളുടെ ക്രൈസ്തവ പ്രീണനവും കെടുകാര്യസ്ഥതയുമാണ്. ആദിവാസി ഭൂമി ആരുടെ കൈയിലായാലും പട്ടാളത്തിന്റെ സഹായത്തോടെ ആയാലും ഒഴിപ്പിച്ച് അവര്‍ക്കു കൈമാറാനുളള അന്തസ്സ് സംസ്ഥാനസര്‍ക്കാരുകള്‍ കാട്ടിയില്ലെയങ്കില് ഭാരതത്തിന്റെ ഉന്നത നീതിപീഠത്തിനും ഭരണഘടനയ്ക്കും എന്തു പ്രസക്തിയാണ് ഉണ്ടാവുക? ഭരണഘടനയ്ക്ക് അതെഴുതിയ കടലാസിന്റെ വിലയുണ്ടെങ്കില്‍ അതിനനുസരിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാനും മാനിക്കാനും ഉളള തന്റേടം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കണം. അട്ടപ്പാടിയിലെ ശിശുമരണം പോഷകാഹാരക്കുറവുകൊണ്ട് അല്ലെന്ന് റിപ്പോര്‍ട്ട് അയച്ച പട്ടികജാതി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥന്റെയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെയോ വീട്ടിലെ കുഞ്ഞുങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലന്റെ പത്തിലൊന്നെങ്കിലും ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? അദിവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ആ സമൂഹത്തില്‍ നിന്നുളള, സമര്പ്പണബോധണുളള, നിഷ്ഠയുളള ഉദ്യോഗസ്ഥര്‍ വന്നാലേ കഴിയൂ. അന്നേ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. ആദിവാസി ഊരില്‍നിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ സുന്ദരന്‍ ഒരു സൂചന മാത്രമാണ്. വരാന്‍പോകുന്ന വിപത്തിന്റെ സൂചന. പളളിക്കാര്ക്കും പാതാരിമാര്ക്കും മാത്രമല്ല, ഹിന്ദു സംഘടനകളെ പോലും ഈ മാറ്റം ബാധിക്കുമെന്നത് ഉറപ്പാണ്. ഇനിയെങ്കിലും തെറ്റുതിരുത്തി അവര്‍ക്കുവേണ്ടി സത്യസന്ധമായി ആത്മാര്‍ത്ഥതയോടെ പണിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദിവാസി ഊരുകള്‍ പണ്ട് വയനാടന്‍ മല ചുവപ്പണിഞ്ഞതുപോലെ ചോരപ്പുഴകളില്‍ മുങ്ങും.
Discussion about this post