റോഡില്‍ ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം പതിക്കാനെന്ന് പറഞ്ഞ് ഏജന്റിനെ കൊണ്ട് പിരിവ് നടത്തിയ എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. അബ്ദുള്‍ നാസറിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡിവൈ.എസ്.പി. പി.പി. സദാനന്ദന് നല്കിയ പ്രാഥമികറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ നഗരത്തിലെ റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനെന്ന പേരിലായിരുന്നു പിരിവ്. ബോർഡ് സ്ഥാപിക്കുന്ന ഒരാളെയാണ് പിരിവിനായി നിയോഗിച്ചിരുന്നത്. ഇതിലൂടെ നഗരത്തിലെ വ്യാപാരികളിൽനിന്നായി 52,000 രൂപ പിരിച്ചെടുത്തുവെന്നാണ് ഡിവൈ.എസ്.പി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ട്രാഫിക് പോലീസ് സ്റ്റേഷനിലോ അവിടത്തെ എസ്.ഐ.ക്കോ ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. ട്രാഫിക്കുമായി ബന്ധപ്പെട്ട ഒരു ചുമതലയും അബ്ദുൾനാസറിനുണ്ടായിരുന്നില്ല.
പണം വാങ്ങിയിട്ടും ബോർഡ് സ്ഥാപിക്കാതിരുന്നതിനാൽ ചില വ്യാപാരികൾ ട്രാഫിക് പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പിരിവിന്റെ വിവരം അറിയുന്നത്. ഇക്കാര്യം ഡിവൈ.എസ്.പി.യെ അറിയിച്ചപ്പോൾ അന്വേഷണം തുടങ്ങി. പിരിവുനടത്തിയ ഏജന്റിനെ ചോദ്യംചെയ്തപ്പോൾ ബോർഡ് സ്ഥാപിക്കാൻ തന്നോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മൊഴി നൽകി. പണം പിരിച്ചെടുത്ത വ്യാപാരികളിൽനിന്നു മൊഴിയെടുക്കുകയും ചെയ്തു. എസ്.ഐ. നേരിട്ട് വിളിച്ചുപറഞ്ഞാണ് പണം നൽകിയതെന്ന് പലരും മൊഴിനൽകി.
അന്വേഷണം തുടങ്ങിയതോടെ പിരിച്ച പണം എസ്.ഐ. വ്യാപാരികൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്. പണം വാങ്ങിയെന്ന് ബോധ്യപ്പെട്ടതോടെയാണ് എസ്.പി.ക്ക് റിപ്പോർട്ട് നൽകിയത്. പിന്നാലെ, സസ്പെൻഷനുണ്ടാവുകയും ചെയ്തു.
Discussion about this post