കാസര്‍കോട്; ബേക്കലില്‍ ലഹരിമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ യുവാവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് ബേക്കലില്‍ കഞ്ചാവ് മാഫിയകള്‍ തമ്മില്‍ ഉണ്ടായ വെടിവയ്പില്‍ യുവാവിന് പരിക്കേറ്റത്. ഫയാസ് എന്ന യുവാവിന് വെടിയേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു സംഘം വെടി ഉതിര്‍ക്കുകയായിരുന്നു.
സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഫയാസും നാസറും മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് വെടിവയ്പ് നടന്നത്. ഇന്നോവയില്‍ എത്തിയ സംഘവുമായി ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നാസര്‍ ബൈക്കില്‍ കയറ്റി ഫയാസിനേയും കൊണ്ടു പോയി. രക്തക്കറ കണ്ടതിനെ തുടര്‍ന്ന് രാവിലെ കടയുടമയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. നേരത്തേയും സ്ഥലത്ത് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം രാത്രി നടന്നത്.
മംഗലാപുരത്തെ ആശുപത്രിയിലാണ് ഫയാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളില്‍ നിന്നും മൊഴി എടുക്കാനായി പൊലീസ് മംഗലാപുരത്തേക്ക് തിരിച്ചു.
Discussion about this post