തന്ത്രപ്രധാനമായ രണ്ട് ക്രൂഡോയില്‍ കലവറകള്‍ കൂടി നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയലാണ് ഇന്നലത്തെ ഈ മന്ത്രിസഭാതീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഊര്‍ജ്ജസുരക്ഷയുടെ കാര്യത്തില്‍ വന്‍ കുതിച്ചുകയറ്റമാകും ഇതുകൊണ്ടുണ്ടാവാന്‍ പോകുന്നത്.
Strategic petroleum reserves എന്നറിയപ്പെടുന്ന ഈ ക്രൂഡോയില്‍ കലവറകള്‍ ഭൂമിയ്ക്കടിയില്‍ വന്‍ ഗുഹകളുണ്ടാക്കിയാണ് നിര്‍മ്മിയ്ക്കുന്നത്. മൊത്തത്തില്‍ 6.9 ദശലക്ഷം ടണ്‍ സംഭരണശേഷിയുള്ള കലവറകളാണ് ഇത്തവണ ഉണ്ടാക്കാന്‍ പോകുന്നത്. ഒറിസയിലെ ചാംദിഖോല് എന്ന സ്ഥലത്തും കര്‍ണാടകത്തിലെ പാദുറിലുമാണ് ഇവ നിര്‍മ്മിയ്ക്കുന്നത്.
ഒറീസയില്‍ 4.4 ദശലക്ഷം ടണ്‍ സംഭരണശേഷിയും കര്‍ണാടകത്തില്‍ 2.5 ദശലക്ഷന്‍ ടണ്‍ സംഭരണശേഷിയുമുള്ള ഈ ക്രൂഡോയില്‍ കലവറകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് ഒരു മാസത്തോളം വേണ്ടുന്ന ക്രൂഡോയില്‍ സംഭരിച്ചു സൂക്ഷിയ്ക്കാനാകും.
ക്രൂഡോയില്‍ സംഭരണം വളരെ പ്രധാനപ്പെട്ടതാണ്. 1991ല്‍ ഗള്‍ഫ് യുദ്ധം ഉണ്ടായ സമയത്ത് ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. അന്ന് ഇന്ത്യയില്‍ വെറും മൂന്ന് ദിവസത്തേക്കുള്ള ക്രൂഡോയില്‍ കരുതല്‍ ശേഖരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് നമ്മുടെ ആവശ്യത്തിനുള്ള ക്രൂഡോയില്‍ ഇറക്കുമതി ചെയ്ത് മാത്രം സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞു. ഫോറക്സ് കരുതല്‍ ശേഖരം വെറും 1200 ദശലക്ഷം അമേരിക്കന്‍ ഡോളറായി കൂപ്പുകുത്തി. സാധാരണഗതിയില്‍ അത് 400000 ദശലക്ഷം ഡോളറിനൊപ്പമാണ് എന്ന് പറയുമ്പോഴാണ് അന്നത്തെ സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം മനസ്സിലാവുകയുള്ളൂ.
നിലവില്‍ നമുക്ക് രണ്ട് ഭൂഗര്‍ഭ ക്രൂഡോയില്‍ സംഭരണികളുള്ളത് വിശാഖപട്ടണത്തും മംഗലാപുരത്തുമാണ്.
ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ പാസാക്കിയ സംഭരണികളും കൂടെയാകുമ്പോള്‍ അന്താരാഷ്ട്രതലത്തില്‍ പെട്ടെന്നുള്ള എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാലും അത്യാവശ്യം വേണ്ട ക്രൂഡോയില്‍ മുഴുവന്‍ നമുക്ക് സംഭരിച്ചു വയ്ക്കാനാകും. ഊര്‍ജ്ജസുരക്ഷയിലും സമ്പദ്വ്യവസ്ഥയുടെ സുരക്ഷയ്ക്കും വലിയ മുന്നേറ്റമാണ് ഈ തീരുമാനം കൊണ്ടുണ്ടാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Discussion about this post