ചെന്നൈ : ഇന്ത്യയിൽ വൻ വ്യാവസായിക നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടെക് ഭീമൻ ഗൂഗിൾ. ഇതിനായി നറുക്ക് വീണിരിക്കുന്നത് തമിഴ്നാട് സംസ്ഥാനത്തിനാണ്. തമിഴ്നാട്ടിൽ ശതകോടികളുടെ നിക്ഷേപം ആയിരിക്കും ഗൂഗിൾ നടത്തുക. ഇതിനായി യുഎസിലെ ഗൂഗിൾ മാനേജ്മെന്റും ഇന്ത്യൻ പ്രതിനിധികളും തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികളും തമ്മിൽ കൂടിയാലോചന നടത്തിയതായാണ് സൂചന.
ഗൂഗിളിന്റെ സ്മാർട്ട് ഫോണുകളാണ് തമിഴ്നാട്ടിൽ നിർമ്മിക്കപ്പെടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പിക്സൽ ഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് ആയിരിക്കും തമിഴ്നാട്ടിൽ സ്ഥാപിക്കപ്പെടുന്നത്. സംസ്ഥാനത്തെ വ്യാവസായിക സൗഹൃദ അന്തരീക്ഷമാണ് ഗൂഗിളിനെ തമിഴ്നാട്ടിലേക്ക് ആകർഷിച്ചതെന്ന് പറയപ്പെടുന്നു. തായ്വാനീസ് കരാർ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും പിക്സൽ ഫോണുകളുടെ അസംബ്ലിങ് യൂണിറ്റ് ഗൂഗിൾ തമിഴ്നാട്ടിൽ സ്ഥാപിക്കുന്നത്. പേഴ്സണൽ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പിയുമായി ചേർന്ന് ഗൂഗിൾ നേരത്തെ ചെന്നൈയിൽ ക്രോംബുക് നിർമ്മാണവും ആരംഭിച്ചിരുന്നു.
പിക്സൽ ഫോണുകൾ കൂടാതെ ഡ്രോണുകളുടെ അസംബ്ലിംഗിനായും തമിഴ്നാട്ടിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഗൂഗിൾ ഉദ്ദേശിക്കുന്നതായി പറയപ്പെടുന്നു. അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ ചൈനയെ ഒഴിവാക്കിക്കൊണ്ട് വ്യാവസായിക നിർമ്മാണ പദ്ധതികൾ ഇന്ത്യയിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനാണ് നിലവിൽ ഗൂഗിളും ആപ്പിളും അടക്കമുള്ള അന്താരാഷ്ട്ര ടെക് ഭീമന്മാർ ശ്രമിക്കുന്നത്.
Discussion about this post