ഡല്‍ഹി: കശ്മീര്‍ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹിയില്‍ ചോദ്യം ചെയ്യുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. തന്റെ സഹോദരിയാണ് ആസിയ എന്നായിരുന്നു് ഹാഫിസ് സയീദ് ആസിയ ആന്ദ്രാബിയെ വിശേഷിപ്പിച്ചിരുന്നത്.
ഓരോ മണിക്കൂറിലും വനിതാ അന്വേഷണ ഉദ്യോഗസ്ഥര്‍ ആസിയയെ ചോദ്യം ചെയ്തു വരുകയാണെന്ന് എന്‍ഐഎ അധികൃതരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാഫിസ് സയീദ് സംഘടിപ്പിച്ച ഒരു റാലിയെ ആസിയ ഫോണിലൂടെ അഭിസംബോധന ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ആസിയയെ ഡല്‍ഹിയിലെത്തിച്ചു ചോദ്യം ചെയ്യുന്നത്.പാക്കിസ്ഥാന് സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14നു കശ്മീരില്‍, പാക്കിസ്ഥാന് പതാക ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ആസിയക്കെതിരെ ഉണ്ടെങ്കിലും ഇതുവരെ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.
2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു പ്രതിഷേധം നടത്തിയതിനു കഴിഞ്ഞ ഏപ്രിലില്‍ ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റിലായിരുന്നു. നിരവധി ലഷ്കറെ തയിബ പ്രവര്‍ത്തകര്‍ ആസിയയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു. ഉറുദു ഭാഷയിലുള്ള ആസിയയുടെ ട്വീറ്റുകളില്‍ പലതിലും ഇന്ത്യ വിരുദ്ധ നിലപാടുകളാണ് ഉള്ളത്.
കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ ഉള്‍പ്പെടുന്ന പോസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം ആസിയ അന്ദ്രാബിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു.
Discussion about this post