സിപിഎം മാത്രമല്ല കോണ്‍ഗ്രസും രാമായണ മാസം ആചരിക്കുന്നു. കെപിസിസി വിചാര്‍ വിഭാഗ് ആണ് കര്ക്കിടമാസത്തില് രാമായണമാസാചരണം സംഘടിപ്പിക്കുന്നത്.
കര്‍ക്കിടക മാസം ഒന്നാം തിയതിയായ ചൊവ്വാഴ്ച തൈക്കാട് ഗാന്ധി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര സനല്‍, പി.കെ വേണുഗോപാല്‍, ലഷ്മിദാസ് എന്നിവരും പങ്കെടുക്കും.
‘രാമായണം നമ്മുടേതാണ്,നാടിന്റെ നന്മയാണ്’ എന്ന മുദ്രാവാക്യവുമായാണ് കെപിസിസി വിചാര്‍ വിഭാഗ് രാമായണമാസം ആചരിക്കുന്നത്.
നേരത്തെ സിപിഎം രാമായണമാസത്തില്‍ രാമായണ പഠനം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായിരുന്നു. സിപിഎം അനുകൂല സംഘടനയായ സംസ്കൃത സൗഹൃദ സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സമിതിക്ക് സിപിഎമ്മുമായി ബന്ധമില്ല എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയത്.
രാമായണ മാസാചരണം സംഘപരിവാര്‍ അജണ്ടയാണ് എന്ന നിലപാടാണ് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ രാമായണമാസത്തില്‍ രാമായണ പഠനവും, രാമായണമാസാചരണവും നടത്തുക വഴി ഈ രംഗത്തുള്ള സംഘപരിവാര്‍ ഇടപെടല്‍ തടയാനാവുമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും കരുതുന്നത്.
Discussion about this post