കോഴിക്കോട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ ബസ്സ്റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്സ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് (53) മരിച്ചത്.
ഈങ്ങാപ്പുഴയില്‍ സ്ഥാപനത്തിലെത്തിയ സജിയുടെ ദേഹത്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന സജി സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി താഴേക്കുചാടി. റോഡില്‍ കെട്ടിനിന്ന മഴവെള്ളത്തിലേക്ക് വീണപ്പോള്‍ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാബിനിനുള്ളില് ഇരുന്ന സജിയുടെ ദേഹത്ത് മുളകുപൊടി വിതറിയശേഷം പുറത്തുനിന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സംഭവശേഷം ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ കെട്ടിടത്തിന് പിന്നിലൂടെ ഓടിമറഞ്ഞതായി പരിസരവാസികള്‍ പറഞ്ഞു. തൃശ്ശൂര്‍ സ്വദശി സുമേഷ് എന്നയാളാണ് കൊല നടത്തിയതെന്നാണ് പോലിസ് പറയുന്നത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ സുമേഷിന് ലോണ്‍ നല്‍കിയിരുന്നില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കരുതുന്നത്.
Discussion about this post