2022ല്‍ ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ കുട്ടികള്‍ കളത്തിലിറങ്ങുന്നത് വിദൂര സ്വപ്നമല്ല. ഒന്ന് മനസ് വച്ചാല്‍ ഇന്ത്യാ ആ സ്വപ്ന നിമിഷം യാഥാര്‍ത്ഥ്യമാക്കും. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്താനുള്ള തീരുമാനമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്.
32 ടീമുകളാണ് റഷ്യന്‍ ലോകകപ്പില്‍ പങ്കെടുത്തത്. പുതിയ പരിഷ്ക്കാരം വരുന്നതോടെ ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കാനാണ് അവസരം ഒരുങ്ങുന്നത്.
ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.
നേരത്തെ 2026ലെ കാനഡ-മെക്സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്ക്കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പിലാക്കാനാണ് ഫിഫ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം. ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന്, ഓസ്ട്രേലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാന്, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ടു സ്ഥാനങ്ങളില്‍. ഈ പട്ടികയിലെത്താന്‍ ഒന്ന് കാര്യമായി ശ്രമിച്ചാല്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ സൂചന നല്കുന്നു. ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ജനകോടികള്‍ക്ക് ആശ്വാസം പകരുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍
Discussion about this post