-സിനിമാനിയാക്-
സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാനാകുന്നുവെന്ന വാര്‍ത്ത കേരളീയ സമൂഹം പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ കേട്ടത് ഏറെ സജീവമമായാണ്. കേരളത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ ദേശിയ ചലച്ചിത്ര വികസന കോര്പ്പറേഷന് തലപ്പെത്തുന്നു, ബിജെപി സംസ്ഥാന നേതൃത്വം വലിയ താല്പര്യം പ്രകടിപ്പിക്കാതിരിക്കെ സുരേഷ് ഗോപി കാമ്പനിറ്റ് പദവിയോടെ മികച്ച പദവി സ്വന്തമാക്കുന്നു…ഇങ്ങനെ തലക്കെട്ടുകള്‍ അനവധിയുണ്ടായി സുരേഷ് ഗോപിയുടെ സ്ഥാനലബ്ധി വാര്‍ത്തകള്‍ക്ക്.
മോദിയുടെ ആശിസ്സോടെയാണ് സുരേഷ് ഗോപി ചെയര്‍മാനാകുന്നത് എന്ന മേമ്പോടിയും വാര്‍ത്തയ്ക്ക് പിറകെ വന്നു..സുരേഷ്ഗോപി മുണ്ട് പുതപ്പിച്ച് നേടിയ കസേര എന്ന മട്ടില്‍ സോഷ്യല്‍ മീഡിയകളും തകര്‍ത്തു.
‘ക്ഷീരമുള്ളരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ – എന്ന മട്ടില്‍ രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും ചോരകുടിച്ചു കൊഴുത്തു വാര്‍ത്താ പ്രതികരണങ്ങള്‍
സഹജീവി സ്നേഹത്തില്‍ വളരെ മുന്പിലാണല്ലോ..കേരളത്തിലെ സിനിമക്കാര്‍.( കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് തലപ്പത്ത് സിനിമക്കാരനല്ലാത്തയാള് വന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ച് കൂട്ടായ്മയും സഹജീവി സ്നേഹവും പ്രകടിപ്പിച്ച് കയ്യടി നേടിയവരും ഇക്കൂട്ടത്തിലുണ്ട്). സ്വഭാവികമായും ഇവരിലാരൊക്കെ സുരേഷിന് ആശംസയും അഭിനന്ദനവും അര്‍പ്പിക്കാനെത്തി എന്നതായി തരിച്ചില്‍. മഷിയിട്ട് നോക്കിയിട്ടും അഭിനയരംഗത്തുള്ള ആരെയും കണ്ടുകിട്ടിയില്ല..ഒരു പക്ഷേ കസേരയില്‍ ഇരുന്നതിന് ശേഷം മതി പരസ്യ അഭിനന്ദനവും മറ്റും എന്നതായേക്കാം അവരുടെ മനസ്സില്‍
എന്തായാലും സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും ചങ്കുറപ്പോടെ പറയുന്ന സംവിധായകന് ഡോക്ടര്‍ ബിജു സുരേഷ് ഗോപിയ്ക്ക് അഭിനന്ദനം അറിയിച്ചു. സുരേഷ്ഗോപിയ്ക്ക് അത്ര പരിചിതമല്ലാത്ത ഇടമാണെങ്കിലും സുരേഷ് ഗോപി മലയാള സിനിമ രംഗത്തിന് ഗുണം ചെയ്യാന്‍ ശ്രമിക്കട്ടെ എന്ന പ്രതീക്ഷയും പങ്കുവച്ചു..വാര്‍ത്ത വന്ന് നാലാം നാള് സംവിധായകന് ബി ഉണ്ണികൃഷ്ണനും അഭിനന്ദനവുമായി ഫേസ്ബുക്കിലെത്തി.
ദേശീയ തലത്തില്‍ അക്കാദമിയുടെ തലപ്പത്ത് ഇരുന്നിട്ടുള്ള കവി സച്ചിദാനന്ദനാകട്ടെ സുരേഷ്ഗോപി അത്തരമൊരു സ്ഥാനത്തെത്തുന്നത് ഇഷ്ടപ്പെടാത്ത മട്ടിലാണ് പ്രതികരിച്ചത്. സുരേഷ്ഗോപി രണ്ടാം കിട നടന് എന്ന പ്രസംഗവും കാച്ചി സച്ചിദാനന്ദന് സുരേഷ്ഗോപിയ്ക്ക് ആവശ്യമായ ‘പ്രോത്സാഹനം’ നല്കി വിദേശ മലയാളിയുടെ കയ്യടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാള സിനിമ കലാമൂല്യത്തിന്റെ കാര്യത്തില്‍ പിന്നോട്ടു പോയ കാലഘട്ടത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നവര്‍ക്ക്, അതിന് കെല്പ് നല്കാന് സാധിക്കാവുന്ന ഒരു സ്ഥാനത്ത് മലയാളി വരുന്നതില്‍ ഏറെ സന്തോഷം ഉണ്ടാകേണ്ടതാണ്. സിനിമ രംഗത്തെ പ്രമുഖ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു മലയാളി വരുന്നത് എല്ലാവര്ക്കും അഭിമാനമുള്ള കാര്യമാണ്. പ്രത്യേകിച്ചും സിനിമ ലോകത്തിന്. രാഷ്ട്രീയത്തിലും മറ്റ് വിഷയങ്ങളിലും ഫേസ്ബുക്ക് പോസ്റ്റുകളും കാമ്പയിനുകളുമായി നിറയുന്ന..ബ്ലോഗുകളിലൂടെ ലോകത്തെമ്പാടുമുള്ള വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യാറുള്ള സിനിമ രംഗത്തെ അതികായന്മാരാരും ഈ വിഷയത്തില്‍ സന്തോഷിയ്ക്കുകയോ ദുഖിക്കുകയോ ചെയ്യുന്നതായി കണ്ടില്ല.
ഈ പശ്ചാത്തലത്തില്‍ എന്ത് കൊണ്ടാണ് സുരേഷ് ഗോപിയുടെ സ്ഥാനലബ്ധി സിനിമ സാഹത്യ സാംസ്കാരിക രംഗത്ത് ചര്‍ച്ചയാവാതെ പോയത് എന്ന ചോദ്യമുയരുക സ്വഭാവികം.
സുരേഷ്ഗോപി രണ്ടാം കിട നടനാണ് എന്ന സച്ചിദാനന്ദന്റെ വിലയിരുത്തല്‍ തികച്ചും വ്യക്തിപരം എന്ന നിലയില്‍ തള്ളികളയാം. മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ഗോപി ഏറ്റുവാങ്ങുമ്പോള്‍ അന്നത് വലിയ വിമര്‍ശനത്തിന് വഴിവെക്കാതിരുന്നത്, ആ സിനിമ നാട്ടുകാര്‍ കൂടി കണ്ടിരുന്നു എന്നതു കൊണ്ടാണ്..
സുരേഷ്ഗോപിയുടെ രാഷ്ട്രീയ നിലപാടുകള്‍ ആണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെയും, അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നവരുടെയും മനസ്സില്‍ എന്ന വിലയിരുത്തല്‍ കുറച്ചൊക്കെ ശരിയാണെന്ന് തോന്നുന്നു. പക്ഷേ ഒരു സിനിമാ താരം എന്ന നിലയില്‍ തന്നെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയാണ് സുരേഷ്ഗോപി. പണ്ട് കെ കരുണാകരനോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന താല്പര്യവും, ഇപ്പോള്‍ മോദിയോട് കാണിക്കുന്ന മമതയും വെറും രാഷ്ട്രീയ ചുവടുമാറ്റമല്ലാതെ സുരേഷ്ഗോപിയുടെ രാഷ്ട്രീയ നിലപാട് തന്നെയായി കാണുന്നതില്‍ തെറ്റില്ല. മോദിയോടുള്ള ആരാധന തുറന്ന് പ്രകടിപ്പിച്ചതും, അദ്ദേഹത്തെ നേരില്‍ കണ്ടതും ഒരു കലാകാരന് എന്ന നിലയില്‍ സുരേഷ്ഗോപി സ്വയം നേടുന്ന അംഗീകാരമായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്ഥാനലബ്ധിയാകട്ടെ അദ്ദേഹത്തിനിലെ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരവും.
ഇവിടെ പ്രസ്ക്തമാകേണ്ടിയിരുന്ന കാര്യം… മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്ന നടന് ദേശീയ ചലച്ചിത്ര അക്കാദമിയുടെ ചെയര്മാനാകുന്നുവെന്നതാണ്. നല്ല സിനിമയെ പ്രോത്സാഹിക്കാനുള്ള സുരേഷ് ഗോപിയുടെ നല്ല മനസ്സില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് മലയാളി വേണ്ടത്. അദ്ദേഹം വഴി മലയാള സിനിമ രംഗത്തിന് വലിയ സാധ്യതകള്‍ തുറന്നെടുക്കാനാകും. ഹിന്ദി ലോബിയുടെ പിടിയിലായിരുന്ന ദേശീയ ചലച്ചിത്ര അക്കാദമി മലയാളത്തിലെ പ്രമുഖനായ കലാകാരന് കീഴെ വരുമ്പോള്‍ മനുക്ക് തുറന്നെടുക്കാവുന്ന ഒരുപാട് അവസരങ്ങളുണ്ട്. അത് കൃത്യമായ സമര്‍ദ്ദം ചെലുത്തി നേടിയെടുക്കാന്‍ സുരേഷ്ഗോപിയ്ക്ക് പിന്തുണ നല്‍കുകയാണ് സിനിമയെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത്.
ഏതിലും എന്തിലും മലയാളിയുടെ മേന്മയും നേട്ടവും സ്വന്തം അഭിമാനമായി കൊട്ടിഘോഷിയ്ക്കുന്ന മലയാളിയ്ക്ക് സുരേഷ്ഗോപിയേയും മലയാളത്തിന്റെ അഭിമാനമായി കാണാന്‍ കഴിയണം. അദ്ദേഹത്തെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കാനും കഴിയണം..അതിനുള്ള പ്രതിഫലം ഒരു പക്ഷേ മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങളായേക്കും..
Discussion about this post