വിവാദ നായകൻ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ തന്നെ വലിയ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമികവാദികളോട് അടുപ്പം പുലർത്തുന്ന തീവ്ര ഇടത് ആശയക്കാരനായ കനയ്യയെ രാജ്യതലസ്ഥാനത്തെ പ്രധാന ലോക്സഭാ സീറ്റിൽ ഇറക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്.
ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യം ചൊല്ലിക്കൊടുത്ത മുൻ വിദ്യാർത്ഥി നേതാവായ കനയ്യകുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിലെ സ്ഥാനാർത്ഥിയാക്കിയത് രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപ്പര്യത്തെ തുടർന്നാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന കനയ്യ, രാഹുലിന്റെ പ്രീതി പിടിച്ചു പറ്റിയിരുന്നു. 37കാരനായ കനയ്യയുടെ ഡൽഹിയിലെ സ്ഥാനാർത്ഥിത്വം വിശാല അർത്ഥത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് രാഹുലിന്റെ ക്യാമ്പ് വിലയിരുത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ കനയ്യ കുമാർ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ, ബിജെപിയുടെ മുതിർന്ന നേതാവ് ഗിരിരാജ് സിംഗിനോട് 4,22,000ത്തിലധികം വോട്ടുകൾക്കാണ് അടിയറവ് പറഞ്ഞത്. ജെഎൻയുവിലെ വിഘടനവാദികളായ ‘ടുക്ഡെ ടുക്ഡെ’ ഗാങ്ങിന്റെ തലവനായിരുന്ന കനയ്യ കുമാർ സിപിഐയിൽ തുടർന്നാൽ പച്ച പിടിക്കില്ലെന്ന് മനസിലാക്കി 2021ൽ കോൺഗ്രസിലേക്ക് കൂടുമാറുകയായിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിലെ പൂർവാഞ്ചലി വോട്ടിലും മുസ്ലിം വിഭാഗത്തിന്റെ പിന്തുണയിലും കണ്ണുവെച്ചാണ് കനയ്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ബീഹാറുകാരനായ കനയ്യ കുമാറിന് കിഴക്കൻ യുപി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ നിർണായക സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം ജനസംഖ്യ 30 ശതമാനത്തോളം വരും. സിഎഎ വിരുദ്ധ സമരത്തിൽ സജീവമായിരുന്ന കനയ്യയുടെ സ്ഥാനാർത്ഥിത്വം വഴി മുസ്ലിങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡൽഹിയിൽ എഎപിയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്. ഡൽഹിയിലെ 7 സിറ്റിംഗ് സീറ്റുകളിൽ ബിജെപി വീണ്ടും ടിക്കറ്റ് നൽകിയ ഏക നേതാവാണ് മനോജ് തിവാരി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന തിവാരി തുടർച്ചയായ മൂന്നാം തവണയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് ജനവിധി തേടുന്നത്.
ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ 2019ൽ 3,63,000ത്തിലധികം വോട്ടുകൾക്കാണ് മനോജ് തിവാരി തോൽപ്പിച്ചത്. കനയ്യയെ പോലെ തന്നെ പൂർവാഞ്ചലി പശ്ചാത്തലമുള്ള നേതാവാണ് മനോജ് തിവാരി. കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് മനോജ് തിവാരി പ്രസ്താവിച്ചത്. ഭാരതത്തെയും ഇന്ത്യൻ സൈനികരെയും അപമാനിക്കുന്നവർക്ക് എങ്ങനെയാണ് ഡൽഹിയിലെ ജനങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുക എന്നാണ് മനോജ് തിവാരി ചോദിക്കുന്നത്.
മണ്ഡലത്തിൽ യാതൊരു ബന്ധവുമില്ലാത്ത ബീഹാറുകാരനായ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടി ഇറക്കിയതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് സന്ദീപ് ദീക്ഷിതിനെയോ അരവിന്ദർ സിംഗ് ലൗലിയെയോ മത്സരിപ്പിക്കാനായിരുന്നു ഡൽഹി കോൺഗ്രസ് ആഗ്രഹിച്ചിരുന്നത്. മാത്രമല്ല, രാജ്യദ്രോഹ കേസിൽ നിയമ നടപടികൾ നേരിട്ട ഒരു വിവാദ വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയത് ഡൽഹിയിലും ഉത്തരേന്ത്യയിലും ബിജെപി വലിയ പ്രചാരണമാക്കുമെന്ന പേടിയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2016ലാണ് ജെഎൻയുവിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ഇടത്-ജിഹാദി വിദ്യാർത്ഥികൾ രാജ്യവിരുദ്ധ ‘അസാദി’ മുദ്രാവാക്യം വിളിച്ചത്. ഡൽഹി വർഗീയ കലാപക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ഉമർ ഖാലിദും ഭാരതത്തെ തുണ്ടം തുണ്ടമാക്കും എന്ന മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. എന്തായാലും, കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനും ഇൻഡി മുന്നണിക്കും ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post