ഇടത് മാധ്യമപ്രവര്‍ത്തകരെയും സാംസ്ക്കാരിക നായകരെയും കൂട്ടു പിടിച്ച് മോഹന്‍ലാലിനെ ഒതുക്കാനുള്ള നീക്കം പാളി. മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ 105 സിനിമ-മാധ്യമ-സാഹിത്യ രംഗത്തുള്ള വ്യക്തിത്വങ്ങള്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രിക്കയച്ച നടപടി സര്‍ക്കാരിനെയും വെട്ടിലാക്കി. വലിയ എതിര്‍പ്പാണ് ലാലിനെതിരെയുള്ള നീക്കത്തിനെതിരെ സിനിമ രംഗത്ത് നിന്ന് തന്നെ ഉയര്‍ന്നത്.
മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തന്നെ അറിയിച്ചുവെങ്കിലും ഔദ്യോഗികമല്ലാതെ അദ്ദേഹത്തെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നുവെന്ന കാര്യവും പുറത്തു വന്നിരുന്നു.ഇനി അദ്ദേഹത്തെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വാക്കുമാറുന്നുവെന്ന വിമര്‍ശനമാകും ഉയരുക. സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ടിരിക്കുന്ന മാധ്യമ-സാംസ്ക്കാരിക രംഗത്തുള്ളവരെ പിണക്കുന്നതും സര്‍ക്കാരിന് തലവേദനയാകും. പരിപാടിയിലേക്കില്ല എന്ന് മോഹന്‍ലാല്‍ തീരുമാനിക്കാത്ത പക്ഷം എന്ത് തീരുമാനമെടുത്താലും സര്‍ക്കാര്‍ വെട്ടിലാകും എന്നാണ് അവസ്ഥ.
കുറച്ച് ദിവസം മുമ്പ് മന്ത്രി എ.കെ ബാലനെ സന്ദര്‍ശിക്കാനെത്തിയ മോഹന്‍ലാലിനെ അദ്ദേഹം ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇക്കാര്യം ചലച്ചിത്ര അക്കാദമി യോഗത്തില്‍ ചര്‍ച്ചയായതോടെ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് 105 പേര് ഒപ്പിട്ട ഹര്‍ജി മുഖ്യാതിഥിയായി താരത്തെ പങ്കെടുപ്പിക്കേണ്ട എന്ന രീതിയില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടത്. അക്കാദമിയില്‍ തന്നെയുള്ള ഭിന്നത മറനീക്കുന്നതിനൊടൊപ്പം സിനിമ രംഗത്തെ അഭിപ്രായ വ്യാത്യാസങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. മോഹന്‍ ലാലിനെതിരെയുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യം എന്ന് അക്കാദമി ചെയര്മാന് കമല്‍ തന്നെ തുറന്നടിച്ചത് ഇതിന്റെ ഭാഗമായാണ്. വിഷയത്തില്‍ ഇനിയെന്ത് എന്ന നിലപാട് അക്കാദമിയേയും പ്രതിസന്ധിയിലാക്കും.
ഇതിനിടെ ഹര്‍ജിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ല എന്ന് പ്രകാശ് രാജും, ക്യാമറാമാന് സന്തോഷ് തുണ്ടിയലും രംഗത്ത് എത്തിയതോടെ എതിര് ചേരി വെട്ടിലായി. മോഹന്‍ ലാലിനെതിരെ അല്ല തങ്ങളുടെ നീക്കമെന്നും, ലാലിന്റെ പേര് ഹര്‍ജിയില്‍ പറഞ്ഞിട്ടില്ലല്ലോ എന്നുമാണ് സംവിധായകന് ഡോ.ബിജു വിശദീകരിച്ചത്. എത്ര ഒളിപ്പിച്ചുവെച്ചാലും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയവും തന്ത്രവുമൊക്കെ ആര്‍ക്കും മനസിലാകും എന്നാണ് ഇതിനുള്ള മറുപടി.
മോഹന്‍ലാലിനെ പിന്തുണച്ച് സിനിമ രംഗത്തുള്ള മിക്ക സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും രംഗത്തെത്തിയതോടെ ഉദ്ദേശിച്ച പോലെ വിവാദം ഏശില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മോഹന്‍ലാലിന് പിന്തുണ ഉറപ്പിക്കാനെ ഇത് കൊണ്ട് കഴിയുയുള്ളു എന്നാണ് അവസ്ഥ. ആകെ ഗുണം സര്‍ക്കാരിനെ വെട്ടിലാക്കി എന്നത് മാത്രമാണ്. സിനിമ രംഗത്തെ ഏഴ് സംഘടനകള്‍ മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്ത് എത്തി. മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ ഇന്ദ്രന്‍സ് തന്നെ പറഞ്ഞു. മോഹന്‍ലാലിനെതിരെ കള്ള ഒപ്പിട്ടത് സിനിമാ ലോകത്തിന് തന്നെ നാണക്കേടായെന്നാണ് സംവിധായകന് പ്രിയദര്ശന് പ്രതികരിച്ചത്. നേരത്തെ സംവിധായകന് അഭിലാഷും ലാലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
സിനിമ രംഗത്ത് തന്നെയുള്ള ഡബ്ലിയു സിസി അംഗങ്ങളായ റിമ കല്ലിങ്കലും, ഗീതു മോഹന്‍ദാസും, വിധു വിന്‍സെന്റും, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സംവിധായകന് രാജീവ് രവിയും ഹര്‍ജിയില്‍ ഒപ്പുവച്ചിട്ടുണ്ട്. അമ്മക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആഷിഖ് അബു, പത്മപ്രിയ എന്നിവരുടെ പേരുകള്‍ ഹര്‍ജിയിലില്ല. കാര്യങ്ങള്‍ പരസ്യമായ ചേരിതിരിവിലേക്ക് നീങ്ങാതിരിക്കാന്‍ ചിലര്‍ വിട്ടു നിന്നുവെന്നാണ് വിലയിരുത്തല്‍. സാംസ്ക്കാരിക നായകരുടെയും ഇടത് മാധ്യമപ്രവര്‍ത്തകരെയും കൂട്ടു പിടിച്ച് മോഹന്‍ലാലിനെതിരെ നടത്തിയ നീക്കമാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് പിന്നിലെന്നാണ് സിനിമാ ലോകത്ത് നിന്നുള്ളവര്‍ പറയുന്നത്. അമ്മ പിളര്‍ത്താന്‍ ചില നീക്കങ്ങള്‍ നടന്നിരുന്നു. അത് നടക്കില്ലെന്ന് വ്യക്തമായതോടെ ചില കുതന്ത്രങ്ങള്‍ ചിലര്‍ മെനയുകയാണെന്നാണ് ചിലര്‍ പറയുന്നത്.
Discussion about this post