വാഷിംഗ്ടണ്‍: നാറ്റോയില്‍ അംഗമല്ലാത്ത ഇന്ത്യയെ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കുന്നതിന് അമേരിക്ക തീരുമാനിച്ചു. ഇതോടെ നാറ്റോ കക്ഷികള്‍ക്ക് വില്‍ക്കുന്ന സാങ്കേതിക വിദ്യകളും മറ്റും സ്വന്തമാക്കുന്നത് ഇന്ത്യയ്ക്ക് എളുപ്പമാകും. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ (എസ്.ടി.എ – 1) വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2016ല്‍ ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള അവസരം ഇന്ത്യയ്ക്ക് കൈവന്നിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് ലൈസന്‍സ് വേണമെന്നുള്ളത് ഒഴിവാകും. മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും.
ആകാശ ആക്രമണങ്ങളെ ചെറുക്കാന്‍ ഡല്‍ഹിയില്‍ മിസൈല്‍ കവചമൊരുക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക നടപ്പിലാക്കിയ പ്രതിരോധ സംവിധാനമാണ് മിസൈല്‍ കവചം. അമേരിക്കയുടെ നസംസ് എന്ന ആധുനിക പ്രതിരോധ സംവിധാനം 100 കോടി ഡോളറിനാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്.
Discussion about this post