ഹണി ട്രാപ്പിലൂടെ പണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി നസീമയെ (30) കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു. 2017 ഏപ്രിലിലാണ് വയനായ് വൈത്തിരി മേപ്പാടി സ്വദേശിനി പള്ളിത്തൊടി നസീമ കൊല്ലം സ്വദേശി രഞ്ജു കൃഷ്ണയെ (29) വധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് രഞ്ജുവിനെ വധിച്ചത്.
രണ്ടാഴ്ച മുന്‍പാണ് കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ തലശേരി സ്വദേശിയെ വിളിച്ചു വരുത്തി മര്‍ദ്ദിച്ച് പണം തട്ടിയത്. ഈ കേസില്‍ പെട്ട് നസീമ തൃശ്ൂര്‍ ജയിലിലാണ്. സിനിമാമേഖലയില്‍ ജോലി ചെയ്തിരുന്ന രഞ്ജു കൃഷ്ണ നസീമയോടൊപ്പം തിരുവനന്തപുരത്തു താമസിച്ചുവരികയായിരുന്നു. ഇതിനിടെ നസീമയുടെ മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലെ വൈരാഗ്യമാണു കൊല ചെയ്യാന്‍ കാരണമെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.
ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് രഞ്ജു കൃഷ്ണ മരിച്ചതോടെ കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ മലയടിവാരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണു കൊടുങ്ങല്ലൂരില്‍ പെണ്‍കെണി കേസില്‍ ഇവര്‍ അറസ്റ്റിലാകുന്നത്.
Discussion about this post