കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പുകളായ 35 എ, 370 എന്നിവ എടുത്ത് കളയാന്‍ സാധിക്കുന്നവയാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇവ രണ്ടും താല്‍കാലികമായ വകുപ്പുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക പദവി എടുത്ത് കളയാനുള്ള യാതൊരു നീക്കവും അനുവദിക്കില്ലായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.
പ്രത്യേക പദവി എടുത്ത് കളയരുതെന്ന് പറയേണ്ടത് ഫറൂഖ് അബ്ദുള്ളയല്ലെന്നും അത് നീക്കം ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഒരു വിഡ്ഢിയേപ്പോലെ നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫറൂഖ് അബ്ദുള്ളയെ കൂടാതെ സി.പി.ഐ നേതാവ് ഡി.രാജയും പ്രത്യേക പദവി എടുത്ത് കളയുന്ന നീക്കങ്ങള്‍ ചെറുക്കണമെന്ന് അഭിപ്രായപ്പെട്ടു. ഫറൂഖ് അബ്ദുള്ള ഒരു മുതിര്‍ന്ന നേതാവാണെന്നും കശ്മീരിലെ പ്രശ്‌നങ്ങള്‍ ആരേക്കാളും കൂടുതല്‍ അദ്ദേഹത്തിന് അറിയാമെന്നും ഡി.രാജ പറഞ്ഞു.
ഇന്ന് രാവിലെ കശ്മീര്‍ ചെയിമ്പര്‍ ഓഫ് കോമേഴ്‌സ് അംഗങ്ങള്‍ പ്രത്യേക പദവി എടുത്ത് കളയുന്നതിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍ കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 370. കശ്മീരില്‍ സ്ഥലം വാങ്ങാനോ വില്‍ക്കാനോ, സ്ഥിരതാമസം നടത്താനോ, സംസ്ഥാന സര്‍ക്കാര്‍ ജോലി സമ്പാദിക്കാനോ അനുവദിക്കാത്ത നിയമമാണ് ആര്‍ട്ടിക്കിള്‍ 35 എ.
Discussion about this post