തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഇസ്ലാമിക മതേതര പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് . ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ രൂപീകരിച്ചേക്കാവുന്ന പാര്‍ട്ടിയില്‍ നിലവിലുള്ള ചില ഇടതു അനുകൂല ഇസ്ലാമിക പാര്‍ട്ടികള്‍ ലയിച്ചേക്കുമെന്നും സൂചന. പാര്‍ട്ടിക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിച്ചേക്കും. മുസ്ലീം ലീഗിന് ബദല്‍ ആകുകയാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മനോരേമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ നീക്കത്തിന് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ മുസ്ലീം പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധ്യതയുണ്ട്. അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് തുടങ്ങിയ പാര്‍ട്ടികളെ ഒഴിവാക്കിയേക്കും.
പുതിയ പാര്‍ട്ടിക്ക് കേരളം കൂടാതെ തമിഴ്നാട് , കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഘടങ്ങള്‍ ഉണ്ടായിരിക്കും. ഈ പാര്‍ട്ടിയില്‍ തമിഴ്നാട്ടിലെ മുസ്ലിം പാര്‍ട്ടികളായ മനിതെയാ മക്കള്‍ കട്ച്ചി, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്ലിസ് ബചാവോ തെഹ്രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളായ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദള്‍ , ഓള് ഇന്ത്യ മുസ്ലിം മജ്ലിസ്, ഓള് ഇന്ത്യ മുസ്ലിം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണല്‍ ലോക്താന്ത്രിക് പാര്‍ട്ടി, മോമിന് കോണ്‍ഫറന്‍സ്, ഇത്തിഹാദ്-ഇ-മില്ലത് കൗണ്‍സില്‍, പശ്ചിമ ബംഗാളിലെ പ്രോഗ്രസ്സിവ് മുസ്ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ പാര്‍ട്ടികളും ലയിക്കാന്‍ സാധ്യതയുണ്ട്.
എം.എല്‍.എമാരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അന്‍വര്‍ , വി.അബ്ദുറഹ്മാന് എന്നിവര്‍ ഈ പാര്‍ട്ടിയില്‍ യോജിച്ചേക്കും. മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന പാര്‍ട്ടിക്ക് സ്വാധീനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post